യാത്രാ വിലക്കിന് ഇറാന്റെ മറുപടി; ലോകകപ്പ് ഗുസ്തിയില്‍ അമേരിക്കയെ കീഴടക്കി ഇറാന്‍ കിരീടം നേടി

ഗുസ്തിയില്‍ വിജയിച്ച ഇറാന്‍ സംഘം

കെര്‍മാന്‍ഷ : ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്കെതിരെ ഇറാന്‍ ഗുസ്തിക്കാരുടെ ശക്തമായ മറുപടി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ഗുസ്തി ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തില്‍  അമേരിക്കയെ കഴടക്കി ഇറാന്‍ കിരീടം നേടി.

അമേരിക്കയെ മൂന്നിനെതിനെ അഞ്ച് പോയിന്റുകള്‍ക്കാണ് ഇറാന്‍ തറ പറ്റിച്ചത്. യുഎസിനെതിരെ തങ്ങളുടെ താരങ്ങള്‍ നേടിയ മിന്നും വിജയത്തെ ആഘോഷിക്കുകയാണ് ഇറാന്‍ ജനത. ഒരു രാത്രി മുഴുവന്‍ നീണ്ട ആഘോഷങ്ങളോടെയാണ് അമേരിക്കയെ തോല്‍പ്പിച്ച് നേടിയ കിരീടനേട്ടത്തെ ഇറാന്‍ ജനത കൊണ്ടാടിയത്. കപ്പ് നേടിയ ഇറാന്‍ ടീമിനെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അഭിനന്ദിച്ചു.

കുടിയേറ്റ നിയമം അമേരിക്കന്‍ കോടതി മരവിപ്പിച്ചതിനെ തുടര്‍ന്നാണ്, അമേരിക്കന്‍ സംഘത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ അനുവദിച്ചതെന്നും മത്സരത്തിന്റെ പ്രാധാന്യം ഉയര്‍ത്തുന്നു.

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെയാണ്  തീവ്രവാദ ഭീഷണി ആരോപിച്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് നടപ്പാക്കിയത്. ട്രംപിന്റെ നടപടിയ്ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

DONT MISS
Top