രണ്ടാം പ്രസവത്തിന് 6,000 രൂപ കിട്ടില്ല; പാഴ്‌വാക്കായി ഗര്‍ഭിണികള്‍ക്കുള്ള മോദിയുടെ പുതുവത്സര സമ്മാനം

നരേന്ദ്രമോദി

ദില്ലി: പ്രസവ ശുശ്രൂഷയ്ക്കായി 6,000 രൂപ നല്‍കുമെന്ന പുതുവത്സര രാവിലെ മോദിയുടെ വാഗ്ദാനം പൂര്‍ണ്ണതോതില്‍ നടപ്പാകില്ല. എല്ലാ പ്രസവത്തിനും 6,000 രൂപ നല്‍കാനാകില്ല എന്നാണ് ഇപ്പോള്‍ വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നത്. ഫണ്ടിന്റെ അപര്യാപ്തത കാരണം ആദ്യ പ്രസവത്തിന് മാത്രമേ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 6,000 രൂപ ലഭിക്കൂ എന്നും മന്ത്രാലയം പറയുന്നു.

പരിഷ്‌കരിച്ച പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. നോട്ട് അസാധുവാക്കിയതിന്റെ 50-ആം ദിനത്തിലാണ് മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നോട്ട് ക്ഷാമത്താല്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും അത്തരം യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ഇപ്പോഴിതാ പ്രഖ്യാപിച്ച പദ്ധതികളില്‍ പോലും വെള്ളം ചേര്‍ത്തിരിക്കുകയാണ് കേന്ദ്രം.

പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത് എന്നും മന്ത്രാലയം അറിയിച്ചു. മുലയൂട്ടുന്ന സ്ത്രീകളേയും, 19 വയസിന് മുകളിലുള്ള ഗര്‍ഭിണികളേയും ഉദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു ഇത്. 2700 കോടി രൂപയാണ് 2017-18 വര്‍ഷത്തില്‍ കേന്ദ്രം ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കി വെച്ച തുക60-ല്‍ നിന്ന് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ട്.

DONT MISS
Top