എംഎല്‍എമാര്‍ക്ക് അവര്‍ ‘അര്‍ഹിച്ച’ ബഹുമാനത്തോടെ സ്വീകരണം നല്‍കണമെന്ന് തമിഴ് ജനതയോട് കമല്‍ ഹാസന്‍

കമല്‍ ഹാസന്‍

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിന്റെ വേളയില്‍ തമിഴ്‌നാട് നിയമസഭയില്‍ എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ സംഭവങ്ങളില്‍ പ്രതികരണവുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. തങ്ങളുടെ എംഎല്‍എമാരെ അവര്‍ ‘അര്‍ഹിക്കുന്ന’ ബഹുമാനം നല്‍കി വീട്ടിലേക്ക് സ്വീകരിക്കണമെന്നാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കമലിന്റെ പ്രതികരണം.

തമിഴ്‌നാട് രാജ്ഭവനിലേക്ക് ഇമെയില്‍ അയയ്ക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് രാജ്ഭവന്റെ ഇമെയില്‍ വിലാസവും കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് നിയമസഭയല്ല, ഗവര്‍ണറുടെ വസതിയാണ്, അതുകൊണ്ട് സഭ്യമായുള്ള മെയിലുകള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളുവെന്നും കമല്‍ ട്വീറ്റില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനിടെ അരങ്ങറിയത് അതിനാടകീയ രംഗങ്ങളായിരുന്നു. കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ സംഭവവികാസങ്ങള്‍. അന്ന് വി ശിവന്‍കുട്ടിയായിരുന്നു സ്പീക്കറുടെ ഡയസ് തകര്‍ത്തതെങ്കില്‍ ഇന്ന് അതേ സ്ഥാനത്ത് കാണാന്‍ കഴിഞ്ഞത് ഡിഎംകെ അംഗം കെ കെ ശെല്‍വത്തിനെയാണ്. സ്പീക്കറുടെ മൈക്ക് തകര്‍ത്ത ശെല്‍വം ആവേശം മൂത്ത് കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

വിശ്വാസവോട്ടെടുപ്പ് നീട്ടിവെയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന പ്രതിപക്ഷത്തിന്റേയും പനീര്‍ശെല്‍വം വിഭാഗത്തിന്റേയും ആവശ്യം സ്പീക്കര്‍ പി ധനപാലന്‍ തള്ളുകയും സഭാ നടപടികള്‍ ഭരണ പക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഡിഎംകെ എംഎല്‍എമാരെ ചൊടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സ്പീക്കറെ ഘൊരാവോ ചെയ്ത എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിയുകയും കസേരകള്‍ തട്ടിമറിച്ച് വലിച്ചെറുകയും ചെയ്തു. ഇതിനിടെ എന്‍ കെ നാഥന്‍ സ്പീക്കറുടെ ഷര്‍ട്ട് വലിച്ചു കീറി അദ്ദേഹത്തെ തട്ടിമാറ്റി. ഡോക്ടര്‍ കൂടിയായ ഡിഎംകെ എംഎല്‍എ പുങ്കോതയ് അല്ലാടി അരുണ ബെഞ്ചില്‍ കയറി ബഹളം വെച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

DONT MISS
Top