ജിഷ്ണുവിന്റെ മരണം: ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ഫയല്‍ ചിത്രം

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് തീരുമാനിച്ചു. കോളെജ് ചെയര്‍മാനടക്കമുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

പ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രതികളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കും.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ പ്രതികളാക്കി ഈ മാസം 13 ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. പ്രേരണാക്കുറ്റം, ഗൂഢാലോചന തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികള്‍ക്കായി തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പൊലീസ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

അതിനിടെ കഴിഞ്ഞ ദിവസം പി കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു വിധി.

DONT MISS
Top