ഇത് പച്ചക്കറിക്കച്ചന്തയല്ല, സിനിമയാണ്: വിശ്വരൂപം രണ്ടാം ഭാഗം നിര്‍മാതാവിനെതിരെ കമല്‍ ഹാസന്‍

വിശ്വരൂപം എന്ന സിനിമ ഇറങ്ങിയിട്ട് ഇത്ര നാളായില്ലേ, എന്താണിതിന്റെ രണ്ടാം ഭാഗം ഇറങ്ങാത്തത് എന്ന ചോദ്യത്തോട് കമല്‍ഹാസന്റെ രൂക്ഷമായ പ്രതികരണം. ചിത്രത്തിന്റെ നിര്‍മാതാവിനോടുള്ള പരിഭവമാണ് കമലിനെ ചൊടിപ്പിച്ചത്. ഇതൊരു സിനിമയാണ് അല്ലാതെ പച്ചക്കറിക്കച്ചന്തയല്ല എന്നാണ് സിനിമയെ ലാഘവത്തോടെ കണ്ട നിര്‍മാതാവിനോട് സകലകലാവല്ലഭന് പറയാനുള്ളത്. ഇപ്പോള്‍ ബാക്കിയുള്ള ജോലി തീര്‍ത്താല്‍ ആറു മാസം കൊണ്ട് ചിത്രം റിലീസ് ചെയ്യാനാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

“എന്റെ നിര്‍മാതാവ് ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി അര്‍നോള്‍ഡ് ഷ്വാര്‍സനഗ്ഗറെ കൊണ്ടുവരാനുള്ള തിരക്കിലാണ. പിന്നെ നിരവധി സിനിമകളുടെ വിതരണാവകാശം വില്‍ക്കാനുമുണ്ട്. എന്നാല്‍ എന്റെ ചിത്രത്തിനുവേണ്ടി ചിലവഴിക്കുന്നുമില്ല. എന്റെ പ്രതിഫലം കാര്യമാക്കേണ്ട എന്നാല്‍, എനിക്കുവേണ്ടി പ്രവര്‍ത്തിച്ച മറ്റുള്ളവരുടെ പ്രതിഫലക്കാര്യത്തിനു നീക്കുപോക്കില്ലാതെ ചിത്രവുമായി മുന്നോട്ടുപോകാനാവില്ല” കമല്‍ പറഞ്ഞു.

“പണി നീങ്ങണമെങ്കില്‍ എന്റെ ടീമിന് പണം കൊടുക്കണം. എന്റെ ചിത്രത്തിനുവേണ്ടി എന്റെ അഭിനേതാക്കളും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും സഹിക്കുന്നത് അനുവദിക്കില്ല ഞാന്‍” താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നിര്‍മാതാവായ ഒസ്‌കാര്‍ രവിചന്ദ്രനുമായി താന്‍ കണ്ടുമുട്ടാറുണ്ടെന്നും എന്നാല്‍ വിശ്വരൂപത്തേപ്പറ്റി ഇഷ്ടക്കേടുള്ള രീതിയിലൊന്നും അദ്ദേഹം സംസാരിക്കാറില്ല എന്നും കമല്‍ പറഞ്ഞു. “ഇങ്ങനെ സംഭവിക്കുന്നത് ഒസ്‌കാര്‍ രവി ചന്ദ്രന്റെ തിരക്കുമൂലമാകാം. പക്ഷേ ഞങ്ങള്‍ക്കിത് വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമാണ്. ബജറ്റ് കുറയ്ക്കണം എന്നാണ് ഒസ്‌കാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ചെയ്തതിനുള്ള പ്രതിഫലം നല്‍കാതെ മറ്റൊന്നും ചിന്തിക്കാനാവില്ല. ഇത് പച്ചക്കറിക്കച്ചന്തയല്ല, സിനിമയാണ്!” ഉലകനായകന്‍ ഓര്‍മിപ്പിച്ചു.

ചില മത സംഘടനകളുടെ എതിര്‍പ്പുമൂലം വിശ്വരൂപം ഒന്നാം ഭാഗത്തിന്റെ റിലീസ് നീണ്ടിരുന്നെങ്കിലും ബോക്‌സോഫീസില്‍ ചിത്രം പണം വാരി. തൊണ്ണൂറ് കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇരുനൂറു കോടിയിലധികമാണ് നേടിയത്. ചിത്രം നിര്‍മിച്ചത് കമലും സഹോദരനായ ചന്ദ്രഹാസനും ചേര്‍ന്നാണ്. എന്നാല്‍ രണ്ടാം ഭാഗം ഒസ്‌കാറും ബാലാജി ടെലി ഫിലിംസും സംയുക്തമായാണ് നിര്‍മിക്കുന്നത്. എന്നാല്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഒസ്‌കാറില്‍നിന്ന് ചിത്രത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും കോളിവുഡില്‍ സജീവമായിരുന്നു.

DONT MISS
Top