‘നിങ്ങളല്ല ഞങ്ങളുടെ ആമി, ചിത്രത്തില്‍ നിന്നും പിന്മാറണം’; മഞ്ജുവിനും സംവിധായകന്‍ കമലിനുമെതിരെ സൈബര്‍ ആക്രമണം

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോള്‍, വിവാദങ്ങള്‍ അവരുടെ ജീവിതത്തിലെന്ന പോലെ വിടാതെ പിന്തുടരുകയാണ്. കാരണം വ്യക്തമാക്കാതെ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയപ്പോള്‍ , മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യര്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുമെന്ന വാര്‍ത്തയാണ് മലയാളിക്ക് ലഭിച്ചത്. എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട ആമിയായി മഞ്ജു വെള്ളിത്തിരയിലെത്തുമെന്ന വാര്‍ത്തകള്‍  പുതിയ വിവാദങ്ങള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴിവെച്ചിരിക്കുന്നത്.

മഞ്ജു അഭിനയിക്കുന്ന ‘കെയര്‍ ഒാഫ് സേറാ ഭാനു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് മഞ്ജുവിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നത്.  പോസ്റ്റിനു കീഴില്‍ മഞ്ജുവിനെയും, ‘ആമി’യുടെ സംവിധായകന്‍ കമലിനെയും വിമര്‍ശിച്ച് രൂക്ഷമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

മാധവിക്കുട്ടിയുടെ അന്ത്യനാളുകള്‍ ചിത്രീകരിച്ചാല്‍ കമല്‍ വിവരമറിയും, കമല സുരയ്യ എന്ന് പേരുമാറ്റിയതുകൊണ്ടാണ് സംവിധായകന് മാധവിക്കുട്ടിയെ ഇഷ്ടപ്പെട്ടത്, മഞ്ജു സ്വന്തം സമുദായത്തോട് ചെയ്യുന്ന ചതിയാണിത് എന്നിങ്ങനെ നീളുന്നു കമന്റുകള്‍.  കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളും പലരും ഉന്നയിച്ചിട്ടുണ്ട്. കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച  സാംസ്‌കാരിക കൂട്ടായ്മയില്‍ മഞ്ജു പങ്കെടുത്തത്, ആമി എന്ന കഥാപാത്രത്തെ ലഭിക്കാനായിരുന്നു എന്നുവരെ ആരോപിച്ചുകളഞ്ഞു ചിലര്‍. ഫെയ്സ്ബുക്കില്‍ അരങ്ങേറുന്ന കമന്റെ് വിവാദങ്ങളോട് സംവിധായകന്‍ കമല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ ആമിയെ ഒരു സിനിമ മാത്രമായി കാണണമെന്നും അത് പിന്നിലുള്ളവരെ കലാകരാന്മാരായി കരുതി അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയിട്ടുണ്ട്.

       

സംഘപരിവാര്‍ അടങ്ങുന്ന ബിജെപി യുടെ പോക്ഷകസംഘടനയിലുളള ഉളളവരാണ് കമന്റാക്രമണം നടത്തിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളില്‍ സ്ഥിരം സാന്നിധ്യമായ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം താരത്തിന്റെ ബിജെപി ചായ്‌വാണെന്നും വാര്‍ത്തകളുണ്ട്.

സംവിധായകന്റെ ചതിയില്‍ മഞ്ജു വീണു,അവസാന നാളുകളില്‍ കമലയുടെ മനം മാറ്റത്തെ ചിത്രീകരിക്കണമെന്ന് പോലും ചിലര്‍ അഭിപ്രായപ്പെട്ടിടുണ്ട്.

അതേസമയം മഞ്ജുവിനെ പിന്തുണച്ചു ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മികച്ച വേഷങ്ങള്‍ അവതരിപ്പിക്കുന്പോള്‍ ഇത്തരം വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും സ്വാഭാവികമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാതെ അതിൽ അഭിനയിക്കുന്നവരുടെയും സംവിധാനം ചെയ്യുന്നവരുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കുന്നതെന്തിനാണ് സിനിമ എടുക്കും മുൻപേ വിമർശനം തുടങ്ങി ഇത് വർഗീയവാദികളുടെ ഗൂഡാലോചന തന്നെയാണെന്നും ചിലര്‍ പ്രതികരിക്കുന്നു. മഞ്ജുവിലൂടെ “മാധവി കുട്ടി “എന്ന മഹാ പ്രതിഭ ,വീണ്ടും ജന മനസ്സുകളിൽ പിറവിയെടുക്കട്ടെയെന്നും ചിലര്‍ ആശംസിക്കുന്നുണ്ട്.

DONT MISS
Top