ഐഎസ്ആര്‍ഒയ്ക്ക് ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കും: മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍

ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിവുണ്ടെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ബഹിരാകാശ മേഖലയില്‍ പുതിയ മാനങ്ങള്‍ തീര്‍ത്ത് ഐഎസ്ആര്‍ഒ വലിയ ചുവടുവച്ച സാഹചര്യത്തില്‍ ഈ അഭിപ്രായം മാധ്യമശ്രദ്ധ നേടുകയാണ്.

“ഇത് പുതിയ സാങ്കേതിക വിദ്യയല്ല. ഞങ്ങള്‍ 10 കൃത്രിമോപഗ്രഹങ്ങള്‍ വെച്ചാണ് തുടങ്ങിയത്. പിന്നെയത് പതിനെട്ടായി, പിന്നെ 35, ഇപ്പോഴിതാ നൂറിലധികവും. മൂന്നോ നാലോ കിലോയുള്ള കൃത്രിമോപഗ്രഹങ്ങളാണെങ്കില്‍ 400 എണ്ണം വരെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കാം”. മാധവന്‍ നായര്‍ പറഞ്ഞു.

നൂറ്റിനാല് എന്ന സംഖ്യ ഒരു പുതിയ സാങ്കേതിക വിദ്യയേയല്ല സൂചിപ്പിക്കുന്നത്. നേരത്തെ ഉപയോഗിച്ച് തെളിയിക്കപ്പെട്ട ഒന്നാണിത്. കാര്‍ട്ടോസാറ്റാണ് ഈ റോക്കറ്റിലെ പ്രധാന യാത്രക്കാരന്‍. ആ കൃത്രിമോപഗ്രഹം നമുക്കേറ്റവും വേണ്ടപ്പെട്ടതാണുതാനും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

104 കൃത്രിമോപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് വിജയതീരമണച്ച ഐഎസ്ആര്‍ഒയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ്. വിക്ഷേപണത്തിന്റെ ചിലവു കുറവും കൃത്രിമോപഗ്രഹങ്ങളുടെ സുരക്ഷിതത്വവുമാണ് ലോകരാജ്യങ്ങള്‍ കൃത്രിമോപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യയിലേക്കെത്താന്‍ കാരണം.

DONT MISS
Top