തെരുവുനായ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ല; സംസ്ഥാന സര്‍ക്കാറിനെതിരെ സിരിജഗന്‍ കമ്മിറ്റി

ദില്ലി: സംസ്ഥാനത്തെ തെരുവുനായ ശല്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി കോടതിയെ അറിയിച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ കലക്ടറോ നഷ്ടപരിഹാരത്തിനായുള്ള ഹിയറിങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 19 പരാതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 33,37000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിറ്റി കോടതിയോട് ശുപാര്‍ശ ചെയ്തു. വളര്‍ത്തുനായയുടെ കടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച പരാതികള്‍ കമ്മിറ്റി തള്ളി.

തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ്റ്റി സിരിജഗന്‍ കമ്മിറ്റിയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നഷ്ട പരിഹാരത്തിനായി വിവിധ ജില്ലകളില്‍ നിന്ന് 402പരാതികള്‍ ലഭിച്ചു . എന്നാല്‍ പരാതികള്‍ കേള്‍ക്കുന്നതിനായി വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച സിറ്റിങ്ങുകളില്‍ സര്‍ക്കാരിന്റെ താല്ല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ കലക്ടറോ പങ്കെടുത്തില്ല. റവന്യൂ സെക്രട്ടറിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടി എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നഷ്ടപരിഹാരത്തിനായുള്ള അവകാശ വാദങ്ങളില്‍ അംഗീകരിക്കപ്പെട്ട 24 എണ്ണത്തില്‍ ആകെ 3337000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശുപാര്‍ശ.

തെരുവ് നായ കാരണം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി എസ് ബിജുവിന് മാല ഗ്രാമ പഞ്ചായത്ത് പതിനെട്ടര ലക്ഷം രൂപ നല്‍കണം . സമാനമായ മറ്റൊരപകടത്തില്‍ ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനിയായ ഷെമിക്ക് കൊല്ലം കോര്‍പ്പറേഷന്‍ ഏഴു ലക്ഷത്തി അറുപതിനായിരം രൂപയാണ് നല്‍കേണ്ടത് . തെരുവനായയുടെ കടിയേറ്റ തിരുവനതപുരം സ്വദേശിനിയായ മൂന്ന് വയസുള്ള കുട്ടിക്ക് 81,500 രൂപ തിരുവന്തപുരം കുളക്കട ഗ്രാമ പഞ്ചായത്ത് നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തെരുവ് നായകളെ നിയന്ത്രിക്കാന്‍ മതിയായ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തം നിശ്ചയിച്ചിരിക്കുന്നത്.

DONT MISS
Top