104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ ചരിത്രകുതിപ്പ് ഇന്ന്

ബംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപം ഇന്ന്. രാവിലെ ഒന്‍പത് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 37 ന്റെ ചരിത്രകുതിപ്പ്.നാസപോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്.രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്.

ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.സെക്കന്റുകള്‍ വ്യത്യാസത്തിലാകും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുക. അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുതയരുക. പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ്-2, 30 കിലോ വീതം ഭാരമുള്ള ഐഎന്‍എസ് 1-എ, എഎന്‍എസ് 1-ബി എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍. ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും അമേരിക്കയുടേതാണ്. 80 എണ്ണമാണ് അമേരിക്കയുടേതായിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.

ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.

DONT MISS
Top