നെഹ്‌റു കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; അധ്യായനം പുനരാരംഭിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നാളെ

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ എ കൗശികന്റെ നേതൃത്വത്തില്‍ നാളെ ചര്‍ച്ച നടത്തും. രാവിലെ 9 നാണ് ചര്‍ച്ച. മാനെജ്‌മെന്റ്, വിദ്യാര്‍ത്ഥി, രക്ഷാകര്‍തൃ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച നടത്തുന്നത്.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് ഏറെ സംഘര്‍ഷ ഭരിതമായ കോളേജ് അധികൃതര്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. ചില ഡിപ്പാര്‍ട്ട്‌മെന്റുകല്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും ക്ലാസുകള്‍ പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കോളേജില്‍ അധ്യയനം പുനരാരംഭിക്കല്‍ ആയിരിക്കും ചര്‍ച്ചയുടെ പ്രധാന അജണ്ട.

അതേസമയം കോളേജിലെ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോളേജില്‍ അനിശ്ചിതകാല സമരം തുടങ്ങി . ജിഷ്ണുവിൻറെ മരണത്തിന് മുമ്പ് മർദ്ദനം ഏറ്റിരുന്നതായി പോലീസ് കണ്ടെത്തിയതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

DONT MISS
Top