സിനിമയിലുള്ള ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ദില്ലി: സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിത് ഘോഷ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം. നേരത്തേ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെട്ട ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ദേശീയഗാനം നിര്‍ബന്ധമാക്കിയുള്ള കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികള്‍ ഉയര്‍ന്നു. അടുത്തിടെ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ദംഗലില്‍ ദേശീയഗാനമുള്ള രംഗമുണ്ട്. ഈ രംഗം കണ്ട് എഴുന്നേല്‍ക്കാത്തവരെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

DONT MISS
Top