ഓസ്‌കാര്‍ കപടമല്ലായിരുന്നെങ്കില്‍ അത് ഷാരൂഖിന് കിട്ടിയേനെ; മൈ നെയിം ഈസ് ഖാന്‍ ഏഴാം വാര്‍ഷികത്തില്‍ ആശംസയറിയിച്ച് പൗലോ കൊയ്‌ലോ

മൈ നെയിം ഈസ് ഖാന്‍ ഏഴാം വാര്‍ഷികത്തില്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്ന് പൗലോ കൊയ്‌ലോ. തന്റെ ട്വിറ്റര്‍ പേജിലാണ് പൗലോ കൊയ്‌ലോ ബോളിവുഡിന്റെ കിംഗ് ഖാന്‍ ആശംസകള്‍ അറിയിച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമ കണ്ടതിനു ശേഷമായിരുന്നു കൊയ്‌ലോ ഫെയ്സ്ബുക്കില്‍ മൈ നെയിം ഈസ് ഖാനെ പുകഴ്ത്തി പോസ്റ്റിട്ടത്. ഇപ്പോള്‍ ഷാരൂഖ് ആരാധകരും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം ചിത്രത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുമ്പോഴും തന്റെ അഭിപ്രായത്തില്‍നിന്നും തെല്ലും പിന്നോട്ടില്ല എന്നു തെളിയിക്കുന്നതായി കൊയ്‌ലോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘ഷാരൂഖ് ഖാന്റെ ഞാന്‍ കണ്ടിട്ടുള്ള ഒരേയൊരു ചിത്രമാണ് മൈ നെയിം ഈസ് ഖാന്‍. (അത് കണ്ടതിപ്പോഴാണെങ്കിലും 2008ല്‍ റിലീസ് ചെയ്തതാണ്) സിനിമയുടെ മേന്മയ്ക്കു പുറമെ ഷാരൂഖിന്റെ അഭിനയം ഒാസ്‌കാര്‍ അവാര്‍ഡ് നേടാന്‍ അര്‍ഹതയുള്ളതായിരുന്നു, ഹോളിവുഡില്‍ കാപട്യമില്ലായിരുന്നെങ്കില്‍’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പൗലോയുടെ ട്വീറ്റുകള്‍ക്ക് ഷാരൂഖും സിനിമയുടെ സംവിധായകന്‍ കരണ്‍ ജോഹറും പ്രതികരണമറിയിച്ചുണ്ട്. ചിത്രം ഇപ്പോഴും പ്രസക്തമാണ് എന്ന് കിങ്ങ് ഖാന്‍ പറഞ്ഞപ്പോള്‍ കരണ്‍ പറഞ്ഞത്, താങ്കളുടെ ഇത്രയും ഇഷ്ടം ഞങ്ങളുടെ സിനിമയ്ക്ക് ലഭിച്ച ആദരവാണെന്നാണ്.

ഈ പോസ്‌ററിലൂടെ വലിയ പ്രതികരണമാണ് കൊയ്‌ലോയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. നിരവധിപേര്‍ കൊയ്‌ലോയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.

DONT MISS
Top