ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ദില്ലി: സ്റ്റാര്‍ വാര്‍സ് സിനിമകളിലേത് പോലെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇന്റര്‍സെപ്റ്റര്‍ മിസൈലിനെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒടീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും രാവിലെ 8 മണിക്കാണ് ഇന്ത്യ ഇന്റര്‍സെപ്റ്റര്‍ മിസൈലിനെ പരീക്ഷിച്ചത്. പുതിയ നേട്ടം ഇന്ത്യന്‍ മിസൈല്‍ പ്രതിരോധത്തിന് ഊര്‍ജ്ജം പകരുന്നതാണ്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും 50 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിനെ എതിരിടാന്‍ പ്രിത്വി ഡിഫന്‍സ് വെഹിക്കിള്‍ മിഷന് സാധിക്കും. പിഡിവി ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചൂവെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി പിടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തൊടുത്ത ബാലിസ്റ്റിക് മിസൈലിനെയാണ് പരീക്ഷണത്തില്‍ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പ്രതിരോധിച്ചത്. പാകിസ്താനില്‍ നിന്നോ, ചൈനയില്‍ നിന്നോ വന്നേക്കാവുന്നോ ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനാണ് ഡിആര്‍ഡിഒ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനും ചൈനയും ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകളെ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയെ ലക്ഷ്യം വെച്ച് ശത്രുക്കള്‍ തൊടുക്കുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വെച്ച് തന്നെ പ്രതിരോധിക്കാനുള്ള സംവിധാനം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച് കഴിഞ്ഞൂവെന്നും രാജ്യാന്തര തലത്തില്‍ ആകെ 4-5 രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

DONT MISS
Top