മത്സ്യ മുത്തശ്ശി വിടവാങ്ങി, പ്രകൃതി പഠിതാക്കള്‍ക്കിത് തീരാനഷ്ടം

ലങ്ങ് മത്സ്യം

ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന അക്വേറിയ മത്സ്യം എന്ന ഖ്യാതി നേടിയ ലങ്ങ് ഇനത്തില്‍പ്പെട്ട മത്സ്യം ചത്തു. ചിക്കാഗോയിലെ ദി ഷെഡ്ഡ് അക്വേറിയത്തിലാണ് തൊണ്ണൂറ് വയസിന് മുകളില്‍ പ്രായമുള്ള ഈ മീന്‍ ജീവിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി ഭഷണം കഴിക്കാന്‍ വിമുഖത കാട്ടിയ ലങ്ങ് മത്സ്യത്തിന്റെ പല ശരീര ഭാഗങ്ങളുടേയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം തന്നെ നിലച്ചിരുന്നു.

ജന്മ ദേശമായ ഓസ്‌ട്രേലിയയില്‍ നിന്ന് 1933 ലാണ് ഈ ലങ്ങ് മത്സ്യം ചിക്കാഗോയിലെത്തുന്നത്. അന്ന് എത്ര വയസുണ്ടായിരുന്നു ഇതിന് എന്ന് കൃത്യമായ വിവരങ്ങളില്ല. അന്ന് പത്തു വയസില്‍ കൂടുതല്‍ മത്സ്യത്തിന് പ്രായമുണ്ടായിരുന്നെങ്കില്‍ 100 വയസ് ഇപ്പോള്‍ കഴിഞ്ഞിരിക്കാനും സാധ്യതയുണ്ട്.

ലോകമെമ്പാടുമുള്ള പ്രകൃതി പഠിതാക്കളുടെ കൗതുകത്തിനു പാത്രമായിരുന്നു അക്വേറിയത്തിലെ ലങ്ങ്. വംശനാശ ഭീഷണി നേരിടുന്നു ലങ്ങ് മത്സ്യങ്ങള്‍ എന്നതുതന്നെയാണ് ഈ കാരണം. ഓസ്‌ട്രേലിയയില്‍ ലങ്ങ് മീനുകളെ പിടികൂടുന്നതിന് വിലക്കുണ്ട്. സാധാരണ 100 വര്‍ഷത്തിലേറെയാണ് ഇവയുടെ ആയുസ്. എന്നാല്‍ അക്വേറിയത്തില്‍ ഒരു മത്സ്യം ഇത്രയും ജീവിക്കുന്നത് ഇതാദ്യമാണ്.

ഓസ്‌ട്രേലിയയില്‍നിന്ന് 400 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ജീവിച്ചിരുന്ന ലങ്ങ് മത്സ്യങ്ങളുടെ ഫോസില്‍ കണ്ടെടുത്തിട്ടുണ്ട്. ഫോസിലുകള്‍ സൂചിപ്പിക്കുന്നത് ലങ്ങ് മത്സ്യങ്ങള്‍ക്ക് അവസാന 100 മില്യന്‍ വര്‍ഷങ്ങളായി യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ്. പരിണാമത്തിന്റെ ഈ ഘട്ടത്തിനു മുമ്പുണ്ടായിരുന്ന, പ്രാചീനമായ തരം ശ്വാസ കോശമാണ് ഇത്തരം മീനുകള്‍ക്കുള്ളത്.

DONT MISS
Top