യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം: നവമാധ്യമങ്ങളില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ അതി ശക്തമായ ട്രോള്‍ പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നിച്ചിരുന്ന യുവാവിനേയും പെണ്‍സുഹൃത്തുക്കളേയും മര്‍ദ്ദിച്ചു എന്ന വാര്‍ത്ത വന്നതോടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം. നിരവധി ട്രോളുകളാണ് എസ്എഫ്‌ഐയുടെ സദാചാര ഗൂണ്ടായിസത്തിനെതിരായി പോസ്റ്റ് ചെയ്യപ്പെടുന്നത്. തൃശൂര്‍ സ്വദേശിയായ ജിജീഷ്, യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

നിരവധി പേരാണ് ഇവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഫെയ്‌സ്ബുക്കില്‍ അണിനിരന്നിട്ടുള്ളത്. ഇതിനു ശേഷം എന്താണ് ഇന്നലെ സംഭവിച്ചത് എന്നും, യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സ്വേച്ഛാധിപത്യ വാഴ്ചയെ കുറിച്ചും ജാനകിയും സൂര്യഗായത്രിയും വിശദമായി ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായ ഈ സദാചാര ഗൂണ്ടായിസം ട്രോള്‍ ഗ്രൂപ്പുകളിലും സജീവമായിരുന്നു.

സദാചാര ഗൂണ്ടായിസം പലപ്പോഴും കാണിക്കുന്ന സംഘപരിവാര്‍ സംഘടനകളുമായി എസ്എഫ്‌ഐയെ താരതമ്യം ചെയ്തു കൊണ്ടുള്ളതാണ് ചില ട്രോളുകള്‍. കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടലിലെ സംഭവത്തില്‍ ചാടിവീണ ‘ചിലര്‍’ തിരുവനന്തപുരം സംഭവം ഉണ്ടായപ്പോള്‍ മിണ്ടാപ്പൂച്ചകളായെന്നാണ് മറ്റൊരു ട്രോള്‍.


താടിയും മീശയും മുടിയും നീട്ടി വളര്‍ത്തുമെന്ന് പറയുന്ന ‘മെക്‌സിക്കന്‍ അപാരത’യിലെ പാട്ടിന്റെ വരികളെ പുകഴ്ത്തിയ ശേഷം ‘അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളതു ചെയ്യും’ എന്ന് പാടുന്നവര്‍ തന്നെ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് കാണുമ്പോള്‍ കയ്യും കാലും തല്ലിയൊടിക്കാന്‍ പോകുന്ന വിരോധാഭാസവും ട്രോളുകളില്‍ കാണാം. തിരുവനന്തപുരം സംഭവത്തോടെ എസ്എഫ്‌ഐയുടെ പൂര്‍ണ്ണ രൂപത്തെ സദാചാര ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന് മാറ്റിയിരിക്കുകയാണ് വേറെ ചില ട്രോളന്‍മാര്‍.

DONT MISS
Top