മതില്‍ അല്ല, പാലങ്ങളാണ് വേണ്ടത്, ട്രംപിന്റെ മെക്സിക്കന്‍ മതില്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മാര്‍പാപ്പ

വത്തിക്കാന്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്.മതിലുകളല്ല പകരം ബന്ധങ്ങള്‍ ഊഷ്മളമാക്കുന്ന പാലങ്ങളാണ് മനുഷ്യര്‍ നിര്‍മ്മിക്കേണ്ടത് എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.ബന്ധങ്ങളെ മതില്‍കെട്ടി തടയുന്നത് ക്രിസ്ത്യന്‍ സംസ്‌കാരം അല്ലെന്നും പാപ്പ വ്യക്തമാക്കി.

അതിര്‍ത്തി സുരക്ഷയ്ക്കായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കണം എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് എതിരെ വലിയ പ്രതിഷേധങ്ങളാണ് ലോകത്തെമ്പാടും അരങ്ങേറിയത്. ഇതിനിടെ വിസ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനവും പുതിയ സമരമുഖങ്ങള്‍ക്ക് വഴിതുറന്നു. തുടര്‍ന്നാണ് ഇന്ന് ട്രംപിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത് എത്തിയത്. പുരോഗമന സമൂഹം മതിലുകള്‍ നിര്‍മ്മിക്കുന്നതിന് പകരം മികച്ച ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.വിദ്വേഷത്തോടെ കാര്യങ്ങളെ സമീപിക്കരുത് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

അഭായാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് എതിരായുളള വാക്കുകളായിരുന്നു പാപ്പ പറഞ്ഞത്.പകയും വിദ്വേഷവും വച്ച് പെരുമാറുന്നത് ക്രിസ്ത്യന്‍ സംസ്‌കാരമല്ലെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു.എല്ലാ മനുഷ്യരും സമാധാനത്തോടെ ജീവിക്കണമെന്നും ഇതിനായി താന്‍ പ്രാര്‍ഥിക്കുമെന്നും പാപ്പ പറഞ്ഞു.അധികാരമേറ്റയുടനെ വിവാദ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ട്രംപിന് പരോക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ലോക നേതാക്കള്‍ സ്വാഗതം ചെയ്യുകയാണ്.

DONT MISS
Top