നിയമപരമായ കുടിയേറ്റത്തിനും തടയിടാനൊരുങ്ങി ട്രംപ്‌; ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു

വാഷിംങ്ങ്ടണ്‍: അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിനും തടയിടാനൊരുങ്ങി ട്രംപ് ഭരണകൂടം. ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാന്‍ വ്യവസ്ഥയുള്ള ബില്‍ അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചു. ബില്‍ നിയമമാകുകയാണെങ്കില്‍ നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.

നിയമപരമായി കുടിയേറിയവരുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള ബില്ലാണ് അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചത്. നിലവില്‍ അമേരിക്കയിലേക്ക് നിയമപരമായി കുടിയേറിയവരുടെ എണ്ണം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കണമെന്നാണ് ഈ ബില്ലില്‍ പ്രധാനമായി പറയുന്നത്. അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന നിരവധി ഇന്ത്യക്കാരേയും ഗ്രീന്‍ കാര്ഡി്‌നായി കാത്തിരിക്കുന്നവരേയും പ്രതികൂലമായി ബാധിക്കുന്ന നിയമമായിരിക്കും ഇത്. റിഫോര്‍മിംഗ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോംഗ് എംപ്ലോയ്‌മെന്റ് ആക്റ്റ് അഥവാ റൈസ് ആക്റ്റ് എന്നാണ് ഈ നിയമത്തിന്റെ പേര്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടോം കോട്ടണ്‍, ഡേവിഡ് പെര്‍ഡ്യൂര എന്നിവരാണ് റൈസ് ആക്റ്റ് സെനറ്റില്‍ അവതരിപ്പിച്ചത്. ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനും വര്‍ഷം തോറും അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുവദിക്കപ്പെടേണ്ടവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി കുറയ്ക്കാനുമാണ് നിയമം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ. ബില്ലിന് ട്രംപ് ഭരണകൂടം അംഗീകാരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമം പാസാകുകയാണെങ്കില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അത് തിരിച്ചടിയാകും.

അതേസമയം നിര്‍ദ്ദിഷ്ട നിയമം എച്ച്‌വണ്‍ ബി വിസകളെ ഉന്നം വെയ്ക്കുന്നില്ല. ദശാബ്ദങ്ങളായുള്ള നിയമവിധേയമായ കുടിയേറ്റങ്ങള്‍ കാരണം ജോലി ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് ബില്‍ അവതരിപ്പിച്ചവരില്‍ ഒരാളായ ടോം കോട്ടണ്‍ വാദിച്ചു. ആസ്‌ട്രേലിയയിലേയും കാനഡയിലേയും പോലെ വേണ്ടത്ര യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കുന്ന സംവിധാനമാണ് അമേരിക്കയില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top