ജനങ്ങള്‍ ശശികലയെ തെരഞ്ഞെടുത്തിട്ടില്ല; അണ്ണാ ഡിഎംകെയ്ക്കും ‘ചിന്നമ്മയ്ക്കും’ എതിരെ ഡിഎംകെ

ശശികല നടരാജന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നടരാജനെ തെരഞ്ഞെടുത്തതിന് എതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത്. രാഷ്ട്രീയപരമായോ, ഭരണസംബന്ധമായോ യാതൊരുവിധ പരിചയ സമ്പത്തുമില്ലാത്ത ഒരാളെ എങ്ങനെ മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ തെരഞ്ഞടുത്തൂവെന്ന് ഡിഎംകെ ചോദിക്കുന്നു.

ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തിട്ടില്ലെന്ന് നേരത്തെ എം കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ശശികലയ്ക്ക് പരിചയസമ്പത്തില്ലെന്നും ഇത് വരെയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും ഡിഎംകെ യിലെ മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞു. ശശികലയുടെ നയങ്ങള്‍ പ്രവചനാതീതമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചതോടെയാണ് ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. ശശികലയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഷീല ബാലകൃഷ്ണനോട് സ്ഥാനമൊഴിയാന്‍ ആവവശ്യപ്പെട്ടതെന്നാണ് സൂചന. ജയലളിതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി അറിയപ്പെടുന്ന ഷീല, വെള്ളിയാഴ്ച രാത്രി തന്നെ സ്ഥാനം ഒഴിഞ്ഞിരുന്നു.

കൂടാതെ, ജയലളിതയുടെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയതും, ജല്ലിക്കട്ട് പ്രശ്‌നം പരിഹരിച്ചതിലൂടെ പനീര്‍ശെല്‍വത്തിന്റെ പ്രതിച്ഛായ വര്‍ധിച്ചതുമാണ് മുഖ്യമന്ത്രി പദത്തിലേറുന്നത് സംബന്ധിച്ച് ഉടനടി തീരുമാനമെടുക്കാന്‍ ശശികലയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലും ശശികല വന്‍ അഴിച്ചുപണി നടത്തിയിരുന്നു. മുന്‍മന്ത്രിമാരടക്കം വിശ്വസ്തരെ പ്രധാന പദവികളില്‍ നിയമിക്കുകയും ചെയ്തിരുന്നു.

DONT MISS
Top