ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ചു പൊളിക്കണം; ട്രംപിന്റെ ജോലി തനിക്ക് തന്നാല്‍ ആളുകള്‍ സമാധാനത്തോടെ ഉറങ്ങുമെന്നും അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍

വാഷിംങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ചു പൊളിക്കണമെന്ന് ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മെന്‍സ് ജേണലിന്റെ ഹൈലൈറ്റ്‌സിലാണ് അര്‍ണോള്‍ഡിന്റെ പരിഹാസം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സെലിബ്രിറ്റീസ് അപ്രന്റീസ് എന്ന ടിവി ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പിനു ശേഷം അവതാരകനായെത്തിയത് അര്‍ണോള്‍ഡ്. എന്നാല്‍ അവതാരകന്‍ മാറിയതോടെ പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. തന്നെ പരിഹസിച്ചതിന്റെ മറുപടിയെന്നോണമാണ് അര്‍ണോള്‍ഡിന്റെ പ്രസ്താവന.

പരിപാടി മോശമാണെങ്കില്‍ നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടിവിയില്‍ ഷോ തുടര്‍ന്നോളൂ, ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാവാം. എങ്കില്‍ ജനങ്ങള്‍ക്ക് സമാധാത്തോടെ കിടന്നുറങ്ങാന്‍ സാധിക്കുമെന്നും അര്‍ണോള്‍ഡ് പറഞ്ഞു. സംവാദത്തിനായി ട്രംപുമായി മീറ്റിംഗ് സംഘടിപ്പിക്കണമെന്നും ചര്‍ച്ചകള്‍ക്കു ശേഷം ട്രംപിന്റെ മുഖം മേശയില്‍ അടിച്ചു പൊളിക്കണമെന്നും അര്‍ണോള്‍ഡ് പരിഹസിച്ചു.

നമ്മള്‍ ഒരിക്കലും ശത്രുക്കളല്ല. നല്ല സുഹൃത്തുക്കളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. നമ്മള്‍ അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ഏറ്റവും പ്രധാനം നമ്മള്‍ അമേരിക്കക്കാരാണ് എന്നതാണ്. എല്ലാറ്റിലുമുപരി അമേരിക്കയെ ഉന്നതിയിലെത്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top