ആവണിയാപുരത്തെ ഉത്സവലഹരിയിലാക്കി ജല്ലിക്കട്ട് മത്സരം ഇന്ന് അരങ്ങേറും; മികച്ച പ്രകടനത്തിന് സമ്മാനം കാറുകളും, റോയല്‍ എന്‍ഫീല്‍ഡും

ഫയല്‍ ചിത്രം

മധുര : തമിഴ്‌നാടിനെ ഉത്സവലഹരിലാക്കി മധുര ആവണിയാപുരം ജല്ലിക്കട്ട് മത്സരം ഇന്ന് അരങ്ങേറും. രാജ്യത്തിലേയും തമിഴ്‌നാട്ടിലേയും ജനങ്ങളുടെ ശ്രദ്ധ ആവണിയാപുരത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്ന മത്സരത്തില്‍ 2,500 യുവാക്കളാണ് പങ്കുകൊള്ളുക. തമിഴ് ജനതയുടെ പാരമ്പര്യത്തിന്റെ ഭാഗമായുള്ള മത്സരം വീക്ഷിക്കുവാന്‍ ഒട്ടനവധി ജനങ്ങള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

മധുരയുടെ പല സ്ഥലങ്ങളിലും ഇന്നലെ മത്സരത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകളും, കാളകളുടെ ആരോഗ്യ പരിശോധനകളും നടത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈദ്യ പരിശോധനയും നടത്തി. ഇവരുടെ രക്ത സമ്മര്‍ദം, കാഴ്ച്ച, മറ്റ് രോഗകാരണങ്ങള്‍ എന്നിവയാണ് പരിശോധിച്ചതെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ എസ് ശിവകുമാര്‍ പറഞ്ഞു. ഇത്‌വരെ 1,287 യുവാക്കളാണ് കായികക്ഷമത പരിശോധനയില്‍ യോഗ്യത കൈവരിച്ചത്. ഇവര്‍ക്ക് മത്സരത്തിന് തൊട്ടുമുന്‍പ് ലഹരി പരിശോധനയും നടത്തും.

മത്സരത്തില്‍ പങ്കെടുക്കുന്ന 916 കാളകള്‍ക്കും ലഹരി പരിശോധനകളടക്കം നടത്തുന്നതായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മധുര ജില്ലാ കളക്ടര്‍ കെ വീര രാഘവ റാവുവിന്റെ നിരീക്ഷണത്തില്‍ നടക്കുന്ന മത്സരത്തില്‍ 15 വൈദ്യ സംഘം, 13 മെഡിക്കല്‍ യൂണിറ്റ്, ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്‌സുകള്‍, മൃഗ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നടത്തപ്പെടുന്ന മത്സരത്തില്‍ യൂവാക്കളെ ആകര്‍ഷിക്കുന്ന സമ്മാനങ്ങളാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്ക് 3.5 ലക്ഷം വിലയുള്ള കാറാണ് സമ്മാനമായി നല്‍കുക. ഇത് ഫെബ്രുവരി 10 നടക്കുന്ന ചടങ്ങില്‍ കൈമാറും. ഇത് വരും വര്‍ഷങ്ങളില്‍ മികച്ച മത്സരം കാഴ്ച്ചവെയ്ക്കുന്നതിന് ഇടയാക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി വി സുന്ദരരാഘവന്‍ പറഞ്ഞു. എന്‍ഫീല്‍ഡ് ബുള്ളറ്റ് അടക്കമുള്ളവയാണ് ബാക്കിയുള്ളവര്‍ക്ക് നല്‍കുക.

തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ മത്സരം വീക്ഷിക്കുന്നതിനായി മധുരയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

DONT MISS
Top