സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന നന്ദിനിക്ക് നീതി തേടി ഹാഷ് ടാഗ് ക്യാംപെയ്ന്‍; ‘ജസ്റ്റിസ് ഫോര്‍ നന്ദിനി’യില്‍ അണിചേര്‍ന്ന് കമല്‍ഹാസനും

ചെന്നൈ: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതി നന്ദിനിക്ക് നീതി തേടി സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ നന്ദിനി ക്യാപെയ്ന്‍. നന്ദിനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ക്യാംപെയ്‌നില്‍ അണിചേരുന്നത്. നടന്‍ കമല്‍ഹാസനും നന്ദിനിക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തു. സംഘപരിവാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തെറ്റുകള്‍ ചെയ്യുന്നതിന് ദൈവം ഒരു കാരണമാകുന്നില്ല. ആദ്യം മനുഷ്യനാകുകയാണ് വേണ്ടത്. അതിന് ശേഷമാണ് ഇന്ത്യക്കാരനാകേണ്ടത്. വിഷയത്തില്‍ ഇടപെടാന്‍ വൈകിയതില്‍ കമല്‍ഹാസന്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

ഡിസംബര്‍ 26 നാണ് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗര്‍ഭിണിയായ നന്ദിനിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. ശേഷം പെണ്‍കുട്ടിയുടെ വയറ്റിലെ ഭ്രൂണത്തെ വയര്‍കീറി പുറത്തെടുത്ത് പൊട്ടക്കിണറ്റില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ജനുവരി 14 ന് നന്ദിനിയുടെ മൃതദേഹം അഴുകിയ നിലയില്‍ അരിയല്ലൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികള്‍

സംഭവത്തില്‍ പ്രതികളായ ഹിന്ദു മുന്നണി യൂണിയന്‍ സെക്രട്ടറി മണികണ്ഠന്‍, തിരുമുരുഗന്‍, മണിവന്നന്‍, വെട്ടിവേല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മണികണ്ഠനില്‍ നിന്നുമാണ് നന്ദിനി ഗര്‍ഭിണിയായത്. തന്നെ വിവാഹം കഴിക്കണമെന്ന് നന്ദിനി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയിരുന്നില്ല. ഗര്‍ഭം അലസിപ്പിക്കാനായിരുന്നു മണികണ്ഠന്റെ ശ്രമം. എന്നാല്‍ ഇതിന് തടസം നിന്നതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് മണികണ്ഠന്‍ നന്ദിനിയെ കൊലപ്പെടുത്തുകയായിരുന്നു.

നന്ദിനിയുടെ കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇരുപത് ദിവസവും വൈകിയിരുന്നു.

DONT MISS
Top