ധോണിയുടെ കഥ കണ്ടില്ലേ, ഇനി കോഹ്ലിയുടെ കാണാം; താര പദവിയിലേക്കുള്ള സ്വന്തം ജൈത്രയാത്ര പങ്ക് വെച്ച് ഇന്ത്യന്‍ നായകന്‍

മുംബൈ: ക്രിക്കറ്റിന്റെ താഴെത്തട്ടില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി എന്നും ഒരു അത്ഭുതമാണ്. യുവത്വത്തിന്റെ ചുറുചുറുക്കിലും നായകന്റെ പക്വത പുലര്‍ത്തുന്ന കോഹ്ലി ഇതിനകം തന്നെ വിമര്‍ശകരുടെ വായ അടപ്പിച്ചു കഴിഞ്ഞു.

ഇപ്പോള്‍ ഇതാ സ്വന്തം ജൈത്ര യാത്രയെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമേറിയ വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. വെസ്റ്റ് ദില്ലി കോളനിയിലെ ശരാശരി കുടുംബത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ അധ്യായങ്ങളില്‍ കരുത്തുറ്റ ഏടായി മാറിയ യാത്രയെ ലൈഫ് സ്റ്റോറി എന്ന തലക്കെട്ടില്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോഹ്ലി പങ്ക് വെക്കുകയായിരുന്നു.

ഡ്രസിംഗ് റൂമില്‍ ഇരിക്കവെ പിതാവ് പ്രേമിന്റെ നിര്യാണ വാര്‍ത്തയറിയുന്ന കോഹ്ലിയില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ പിതാവിന്റെ നിര്യാണത്തിലും കളത്തിലിറങ്ങിയ കോഹ്ലി, കര്‍ണാടകയ്ക്ക് എതിരെ ദില്ലിയെ വിജയത്തീരത്തില്‍ എത്തിച്ചു.

കുടുംബവും ഒത്ത് ചെലവിട്ട് സുന്ദര മുഹൂര്‍ത്തങ്ങളും കോഹ്ലിയുടെ വീഡിയോയില്‍ ഉള്‍പ്പെടുന്നു. 2008 ല്‍ ഇന്ത്യന്‍ ജഴ്‌സി ആദ്യമായി അണിയുന്ന മുഹൂര്‍ത്തത്തിന് പിന്നാലെ, കോഹ്ലി പിടിച്ചെടുത്ത റെക്കോര്‍ഡുകളുടെ നിരയും വീഡിയോയില്‍ പറയുന്നു.

മത്സരത്തിനായുള്ള തീവ്ര പരിശീലനവും കഷ്ടപാടുമെല്ലാം ലൈഫ് സ്റ്റോറിയില്‍ കോഹ്ലി കാഴ്ച വെക്കുന്നു. മ്യൂവ് അക്കൗസ്റ്റിക്‌സ് എന്ന ബ്രാന്‍ഡിന്റെ പിന്തുണയോടെയാണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി – ആന്‍ അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്.

DONT MISS
Top