ഭീകരവാദത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്

ടോക്കിയോ: ലോകത്ത് ഭീകരവാദത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. ടെഹ്‌റാന്റെ എല്ലാ നീക്കങ്ങളും വാഷിംഗ്ടണ്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ധാരാളം പേര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം ഇറാന്‍ തിരിച്ചറിയണമെന്നും പെന്റഗണ്‍ മേധാവി പറഞ്ഞു. ജപ്പാനിലെ ടോക്കിയോവില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മധ്യേഷ്യയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കേണ്ട ആവശ്യം ഇപ്പോഴില്ല. അതിനുള്ള ശേഷി എല്ലായ്‌പ്പോഴും അമേരിക്കയ്ക്ക് ഉണ്ട്. എങ്കിലും ഇപ്പോള്‍ അത് അവശ്യമായ കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

മധ്യദൂര പരിധിയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ പരീക്ഷിച്ചു എന്ന് പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

നേരത്തേ ബാലിസ്റ്റിക് മിസൈല്‍ പീക്ഷണത്തെ തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചിരുന്നു. മിസൈല്‍ പരീക്ഷണത്തിന് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചുകൊടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇറാന്റെ സൈനിക വിഭാഗത്തിനും സഹായം നല്‍കിയവര്‍ക്കെതിരെയാണ് ഉപരോധം. യു.എ.ഇ, ലെബനാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും ഇതില്‍പെടും.

ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്നും, ഒബാമ കാണിച്ച അനുഭാവം തന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
ട്രംപിന്റെ ട്വീറ്റ്:

DONT MISS
Top