പ്രവേശന വിലക്ക് : ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി തടഞ്ഞു


വാഷിംഗ്ടണ്‍ : ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് രാജ്യവ്യാപകമായാണ് തടഞ്ഞിട്ടുള്ളത്. സിയാറ്റില്‍ കോടതി ജഡ്ജി ജെയിംസ് റോബര്‍ട്ടിന്റേതാണ് ഉത്തരവ്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി തള്ളി.

ട്രംപിന്റെ ഉത്തരവിനെതിരെ വാഷിംഗ്ടണ്‍ സ്റ്റേറ്റാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നാലെ മിനോസോട്ട സംസ്ഥാനവും കേസില്‍ കക്ഷിചേരുകയായിരുന്നു. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നും വാഷിംഗ്ടണ്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസണ്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായതെന്ന് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസണ്‍ കോടതി വിധിയ്ക്ക് ശേഷം സിഎന്‍എന്നിനോട് പ്രതികരിച്ചു.

അതേസമയം സിയാറ്റിന്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രസിഡന്റ് ഏഴു രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവേശനം വിലക്കിയ ഉത്തരവ് ഇറക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ അറിയിച്ചു.

പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. പ്രവേശന വിലക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 60,000 പേരുടെ വിസകള്‍ റദ്ദാക്കിയിട്ടുള്ളൂവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്.

ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

DONT MISS
Top