ബാഹുബലിയായി ‘ഉത്തരാഖണ്ഡി’നെ എടുത്തുയര്‍ത്തി ഹരീഷ് റാവത്ത്; കരുത്ത് വീക്ഷിച്ച് മോദിയും അമിത് ഷായും

വരാനിരിക്കുന്ന ബാഹുബലി 2, വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബാഹുബലിയുമായി ബന്ധപ്പെട്ട് ദിനംപ്രതി പല അഭ്യൂഹങ്ങളും ഉയരുന്നുമുണ്ട്. എന്നാല്‍ ഇത്തവണ ഉത്തരാഖണ്ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ബാഹുബലിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിനെ രക്ഷിക്കുന്ന മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ദൃശ്യങ്ങളില്‍ ബാഹുബലിയായി പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ ഒരുപിടി നേതാക്കളും ഈ ബാഹുബലിയില്‍ വേഷമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഭീമാകരമായ ശിവ പ്രതിമ എടുത്ത് മാതാവിന് സമര്‍പ്പിക്കുന്ന ബാഹുബലി സിനിമയിലെ ദൃശ്യങ്ങളാണ് ഇവിടെ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലാണ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ബാഹുബലിയുടെ ദൃശ്യങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് തന്നെ 180000 കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതിനകം തന്നെ 4500 തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

DONT MISS