സിനിമയെ വെല്ലുന്ന പെര്‍ഫക്ഷന്‍; ട്രാക്കില്‍ നിന്നും ഇഞ്ചോടിഞ്ചിന് വൃദ്ധയെ രക്ഷപ്പെടുത്തുന്ന ദൃശ്യം വൈറല്‍

മുംബൈ: റെയില്‍ പാളത്തില്‍ വെച്ച് ഇഞ്ചോടിഞ്ചിന് വൃദ്ധയുടെ ജീവന്‍ രക്ഷപ്പെടുത്തിയ ലോക്കോ പൈലറ്റിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ സജീവമാവുകയാണ്. സൗത്ത് മുംബൈയിലെ ചര്‍ണി റോഡ് സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം നടക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ വെച്ച് അജ്ഞാതനായ ഒരു യാത്രക്കാരന്‍ ചിത്രീകരിച്ച 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സംഭവം ഡിസംബര്‍ 6 നാണ് നടന്നതെന്ന് റെയില്‍ വെ അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട ലോക്കോ പൈലറ്റ് സന്തോഷ് കുമാര്‍ ഗൗതമിന് വെസ്‌റ്റേണ്‍ റെയില്‍ വെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വന്നത്.

70 കിലോമീറ്റര്‍ വേഗതയില്‍ ഗൗതം ഒടിച്ചിരുന്ന ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷനെ സമീപിക്കവെയാണ് ട്രാക്കിലൂടെ നടന്ന് നീങ്ങുന്ന വൃദ്ധയെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ബ്രേക്ക് പിടിച്ച ഗൗതം ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് വൃദ്ധയെ ഇടിച്ച് തെറിപ്പിക്കാതെ ട്രെയിനിനെ നിര്‍ത്തിയത്.

ട്രെയിനില്‍ നിന്നും തുടരെ ഗൗതം ഹോണ്‍ മുഴക്കിയെങ്കിലും വൃദ്ധ കേട്ടില്ലായെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ നിന്നതിന് പിന്നാലെ പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ വൃദ്ധയെ കൈപിടിച്ച് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

DONT MISS