“സമരം ചെയ്യുന്ന ബിജെപി നേതാവിനെ കണ്ടതില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചു എന്ന് മേനി നടിക്കാം; അതില്‍ കവിഞ്ഞ് ഒന്നുമില്ല”: കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍

ലോ അക്കാദമിക്ക് മുന്നില്‍ സമരം ചെയ്യുന്ന ബിജെപി നേതാക്കളെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകം ആണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസിന് ഉടമകളല്ല സിപിഐയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ നേതാക്കള്‍ സമരം ചെയ്യുന്ന ബിജെപി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സിപിഐ രാഷ്ട്രീയത്തെ പറ്റി അറിയാത്തവര്‍ ആണെന്നും ബിജെപിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചു എന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞു അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അതാത് വര്‍ഗ നിലപാടുകള്‍ മുന്‍ നിര്‍ത്തി പരസ്പര ഐക്യത്തോടെ സമരം ചെയ്ത ചരിത്രം ഇപ്പോഴും എപ്പോഴും ഉണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ലൂടെ വ്യക്തമാക്കി. ആ രീതി തന്നെ ആണ് ലോ അക്കാദമിയിലും വിദ്യാര്‍ത്ഥികള്‍ തുടരുന്നത്. ബിജെപി ഈ സമരത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം സമരത്തില്‍ വന്നവര്‍ ആണ് . അവരോട് യാതൊരു സഹകരണവും സിപിഐയ്ക്ക് ഇല്ല. കാനം അഭിപ്രായപ്പെട്ടു.

സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി നേതാവിനെ കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാനം രാജേന്ദ്രന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കാനം രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ചിലത് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ സമരം ആണ്. കോളേജിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയും എഐഎസ്എഫ് , കെഎസ്‌യു, എംഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തം ആയാണ് ഈ സമരം ആരംഭിച്ചത്. ആ സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ വിദ്യാര്‍ത്ഥികള്‍ ആണ്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ന്യായമായ ഈ സമരത്തിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണമായ പിന്തുണ ഉണ്ട്. 1968 ഇല്‍ ആണ് ലോ അക്കാദമിക്ക് ഭൂമി നല്‍കുന്നത്. അന്ന് ഇഎംഎസ് മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയും കെ ആര്‍ ഗൗരിയമ്മ റവന്യു വകുപ്പ് മന്ത്രിയും എം എന്‍ ഗോവിന്ദന്‍ നായര്‍ കൃഷി മന്ത്രിയും ആയിരുന്നു. പിന്നീട് സ്ഥലം പതിച്ചു നല്‍കുമ്പോള്‍ കെ കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. പി ജെ ജോസഫ് റവന്യു മന്ത്രിയും . വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അതാത് വര്‍ഗ നിലപാടുകള്‍ മുന്‍ നിര്‍ത്തി പരസ്പര ഐക്യത്തോടെ സമരം ചെയ്ത ചരിത്രം ഇപ്പോഴും എപ്പോഴും ഉണ്ട്. ആ രീതി തന്നെ ആണ് ലോ അക്കാദമി യിലും വിദ്യാര്‍ത്ഥികള്‍ തുടരുന്നത്. ബി ജെ പി ഈ സമരത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം സമരത്തില്‍ വന്നവര്‍ ആണ്. അവരോട് യാതൊരു സഹകരണവും സിപിഐക്ക് ഇല്ല. സി പി ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബിജെപി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി പി ഐ രാഷ്ട്രീയത്തെ പറ്റി അറിയാത്തവര്‍ ആണ്. ബിജെപിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചു എന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞു അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല . രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് ‘പാതകം ‘ ആണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസിന് ഉടമകളും അല്ല സി പി ഐ പ്രവര്‍ത്തകര്‍. ലോ അക്കാദമി യുടെ ഗവേണിങ് ബോഡിയില്‍ ഉള്ള നാഗരാജ് നാരായണന്‍ വനം വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആയത് സി പി ഐ നോമിനി ആയിട്ടല്ല. അദ്ദേഹം ഏത് അഭിഭാഷക സംഘടനയുടെ ആള്‍ ആണെന്ന് വിമര്‍ശിക്കുന്നവര്‍ പരിശോധിച്ച് നോക്കുന്നത് നന്നായിരിക്കും. ലോ അക്കാദമി ഭൂമിയെ സംബന്ധിച്ച് ഭരണ പരിഷ്‌ക്കാര ചെയര്‍മാനും മുതിര്‍ന്ന നേതാവും ആയ സഖാവ് വി എസ് അച്യുതാനന്ദന്റെ പരാതിയിന്മേല്‍ 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് തന്നെ അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം ആ കാര്യത്തില്‍ ഉള്ള പാര്‍ട്ടി നിലപാട് പറയും. അക്കാദമി പ്രിന്‍സിപ്പാള്‍ ജാതി അധിക്ഷേപം നടത്തി എന്ന പരാതി കൊടുത്തിട്ടുള്ളത് എഐഎസ്എഫ് യൂണിറ്റ് സെക്രെട്ടറി വിവേക് വിജയഗിരിയും, എക്‌സിക്യു്ട്ടീവ് അംഗം സെല്‍വനും ആണ് .ഗുരുതരമായ ആരോപണം ആണത്. ആരോപണങ്ങളില്‍ നടപടി ഇത് വരെ ഉണ്ടായിട്ടില്ല എന്നാണു അറിയുന്നത് . ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും. വിദ്യാര്‍ത്ഥി സമരത്തിന് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍ “………

DONT MISS
Top