യുപിഎ, എന്‍ഡിഎ സര്‍ക്കാറുകള്‍ തട്ടിക്കളിക്കുന്ന ഫുട്‌ബോളാണ് താനെന്ന് വിജയ് മല്യ

വിജയ് മല്യ

ദില്ലി : യുപിഎ, എന്‍ഡിഎ ടീമുകള്‍ തട്ടിക്കളിക്കുന്ന ഫുട്‌ബോളാണ് താനെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ ആരോപിച്ചു. രാജ്യത്ത് കടബാധ്യത വരുത്തുന്നവര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിജയ് മല്യയുടെ ട്വിറ്റര്‍ പരാമര്‍ശം.

സിബിഐ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ മല്യയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മാധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നെന്ന ആരോപണം മല്യ ഉന്നയിക്കുന്നത്.

സംഭവ വികാസങ്ങളെ മല്യ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്, താന്‍ ഒരു ഫുട്‌ബോളാണ്, യുപിഎ എന്‍ഡിഎ എന്നീ ടീമുകള്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നെ തട്ടിക്കളിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളെ അവര്‍ മൈതാനമായി ഉപയോഗിക്കുന്നു. റഫറി ഇല്ലാത്ത കളി ആയതിനാല്‍ തനിക്ക് വേണ്ടി ആരുമില്ലെന്നും മല്ല്യ ട്വീറ്ററിലൂടെ ആരോപിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് അവതരിപ്പിച്ച പൊതു ബജറ്റില്‍ സാമ്പത്തിക ബാധ്യത വരുത്തി നാടുവിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി നിയമം പ്രാബല്യമാക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു.

സിബിഐ തനിക്കെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മല്യയുടെ ട്വീറ്റില്‍ പറയുന്നു.

ഐഡിബിഐ ബാങ്കില്‍ നിന്നും 720 കോടി രൂപ വായ്പ എടുത്ത് നാടുവിട്ട വിജയ് മല്യക്കെതിരെ സിബിഐ കോടതി കഴിഞ്ഞ ആഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കിങ്‌വിഷര്‍ സ്ഥാപനങ്ങളുടെ ഉടമയായ വിജയ് മല്യക്ക് വിവിധ ബാങ്കുകളിലായി 9000 കോടിരൂപയുടെ കടമാണ് നിലനില്‍ക്കുമ്പോളാണ് ലണ്ടനിലേക്ക് പാലായനം ചെയ്യുന്നത്. മല്യയുടെ 8041 കോടി രൂപയുടെ സ്വത്തുക്കള്‍ മാത്രമാണ് സര്‍ക്കാരിന് ഇത്‌വരെ കണ്ടുകെട്ടുവാന്‍ സാധിച്ചിട്ടുള്ളത്.

കള്ളപ്പണം വെളുപ്പിച്ചതിനടക്കമുള്ള കേസ്സുകളാണ് വിജയ് മല്യക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

DONT MISS
Top