വാഹന പരിശോധനക്കിടെ മക്ക ട്രാഫിക്ക് പൊലീസ് ഡയറക്ടറെ കാറില്‍ സഞ്ചരിച്ച യുവാവ് ഇടിച്ചു വീഴ്ത്തി

പ്രതീകാത്മക ചിത്രം

മക്ക: പരിശോധനക്കിടെ മക്ക ട്രാഫിക്ക് പൊലീസ് ഡയറക്ടറെ കാറില്‍ സഞ്ചരിച്ച യുവാവ് ഇടിച്ചു വീഴ്ത്തി. നിയമം ലംഘിച്ച് എതിര്‍ദിശയില്‍ സഞ്ചരിച്ച യുവാവിന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ പൊലീസ് ലൈസന്‍സ് ആവശ്യപ്പെട്ടതോടെയാണ് യുവാവ് പരാക്രമം ആരംഭിച്ചത്.

പതിവ് പരിശോധനക്കിടെ മക്കയിലെ അല്‍ മിസ്‌യാല്‍ റോഡില്‍ ഇന്നലെയാണ് സംഭവം. വണ്‍വേ നിയമം ലംഘിച്ച് കാറിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു. ലൈസന്‍സ് ആവശ്യപ്പെട്ടതോടെ പഴ്‌സില്‍ നിന്നു ലൈസന്‍സ് എടുക്കാന്‍ ഭാവിച്ച യുവാവ് അമിത വേഗതയില്‍ കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. ഇതിനടെയാണ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ കേണല്‍ ബാസിം അമീന്‍ അല്‍ ബദിരി വാഹനം തട്ടി നിലത്തു വീണത്. ട്രാഫിക് ഡയറക്ടറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

200 കിലോ മീറ്റര്‍ വേഗതയില്‍ പൊലീനെ വെട്ടച്ചു കടന്ന യുവാവ് ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്മാരേയും കബളിപ്പിച്ചു. തുടര്‍ന്ന് ശറായിഅ് ജില്ലയില്‍ നിന്നു ഇയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. നിരവധി ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയിട്ടുളള യുവാവ് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പിഎച്ച്ഡി ബിരുദ ധാരിയായ കേണല്‍ ബാസിം അമീന്‍ അല്‍ ബദിരി മക്കയിലെ ഗതാഗത നിയന്ത്രണത്തിന് നിരവധി പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമര്‍ത്ഥനായ പൊലീസ് ഓഫീസറാണ്.

DONT MISS
Top