ഫെയ്സ്ബുക്ക് ‘ഞരമ്പന്മാര്‍’ വീണ്ടും മറയ്ക്ക് പുറത്ത്; അശ്ലീല ഫെയ്സ്ബുക്ക് പേജുകള്‍ പുറത്തുകൊണ്ടുവന്ന് കേരള സൈബര്‍ വാരിയേഴ്സ്

കൊച്ചി: ഫെയ്‌സ്ബുക്കിലെ ഞരമ്പ് രോഗികളെ വീണ്ടും കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നു. സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച 34 ഫെയ്‌സ്ബുക്ക് പേജുകളും, 25 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളുമാണ് കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.

പുറത്ത് കൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം അശ്ലീല ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങള്‍ പങ്ക് വെയ്ക്കാനായി രൂപീകരിച്ചതാണെന്ന് കേരള സൈബര്‍ വാരിയേഴസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

കേരള സൈബര്‍ വാരിയേഴസ് പുറത്ത് കൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളും-

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്സും സൈബർ വാരിയേഴ്സും ചേർന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകൾ പാകിസ്താൻ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാർക്ക്.

ഹാക്കിംഗ് എന്ന സൈബർ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തൻ ഇടപെടൽ ചരിത്രമാണ് മലയാളി ഹാക്കർമാർ സൃഷ്ടിക്കുന്നത്.

DONT MISS
Top