എച്ച്ഡിഎഫ്‌സി പണമിടപാടുകളുടെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു; നാല് സൗജന്യ ഇടപാട് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഈടാക്കുന്നത് 150 രൂപ

പ്രതീകാത്മക ചിത്രം

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. സൗജന്യമായ 4 ഇടപാടുകള്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതം നല്‍കണം. ബാങ്കില്‍ നേരിട്ടു നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാവുക. നികുതിയും സെസും ഈ തുകയ്ക്കു പുറമേ നല്‍കണം.

നാലു സൗജന്യ ഇടപാടുകള്‍ കഴിഞ്ഞുള്ളവയ്ക്ക് പണത്തിന്റെ മൂല്യമനുസരിച്ചാണ് വാങ്ങേണ്ട തുകയും ഉയരുന്നത്. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാലോ പിന്‍വലിച്ചാലോ അയച്ചാലോ ഓരോ ആയിരത്തിനും അഞ്ച് രൂപ വീതം ഈടാക്കും. അതിനു പുറമെ മിനിമം ചാര്‍ജായ 150 രൂപയും ബാങ്കിനു നല്‍കണം. ബാങ്കിന്റെ മറ്റു ശാഖകളില്‍നിന്നാണ് ഇടപാടെങ്കില്‍ ചാര്‍ജുകള്‍ക്ക് വ്യത്യാസം വരും.

ഇടപാടുകള്‍ക്കുള്ള നിരക്കിന്മേല്‍ 15 ശതമാനം സേവന നികുതിയായി ഈടാക്കും. ഓണ്‍ലൈന്‍ ഇടപാട്, ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുടെ ഇടപാടുകള്‍ എന്നിവയ്‌ക്കൊന്നും ചാര്‍ജുകളുണ്ടാവില്ല. പണമായി നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും അയയ്ക്കുന്നതും ഇടപാടായി കണക്കാക്കും.

മാര്‍ച്ച് ഒന്നുമുതലാണ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. എല്ലാത്തരം സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും നിരക്കുകള്‍ ബാധകമാണ്. എസ്ബി മാക്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ അക്കൗണ്ട് ഉടമകളേയും ബാങ്ക് ഇമെയില്‍ വഴി ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

DONT MISS
Top