ഹീറോയുടെ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറെത്തി; വില തുച്ഛം, ഗുണം മെച്ചം

ദില്ലി: ഹീറോ ഇലക്ട്രിക്ക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫ്ളാഷ് ഇന്നു പുറത്തിറക്കി. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എന്റ്രി ലെവല്‍ താരമാകാന്‍ വെറും 19,990 രൂപമാത്രമേ ഫ്ളാഷിനു വിലയുള്ളൂ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളില്‍ ഓടിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ സ്‌കൂട്ടര്‍ നിരത്തിലിറക്കാന്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ വേണ്ട.

സ്‌കൂട്ടറിന് ശക്തി പകരുന്നത് 250 വാട്ട് മോട്ടറാണ്. ഒറ്റ ചാര്‍ജിംഗില്‍ 65 കിലോമീറ്റര്‍ ഓടിക്കാന്‍ ഫ്ളാഷിന് സാധിക്കും. 6 മുതല്‍ 8 മണിക്കൂര്‍ മതി ബാറ്ററി മുഴുവന്‍ ചാര്‍ജാകാന്‍. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.

ഫ്ളാഷിലുള്ള 16 ഇഞ്ച് അലോയ് കാണാനും അഴകുള്ളതാണ്. നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാന്‍ വെറും 87 കിലോഗ്രാം മാത്രം ഭാരമുള്ള ഫ്ളാഷിനാകും. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നത് ഡ്രം ബ്രേക്കുകളാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടില്‍നിന്ന് സംരംക്ഷണം സ്‌കൂട്ടറിനുണ്ടെന്നാണ് ഹീറോ അവകീശപ്പെടുന്നത്. 2 വര്‍ഷ വാറണ്ടിയും സ്‌കൂട്ടറിന് ഹീറോ നല്‍കിയിട്ടുണ്ട്. ബര്‍ഗണ്ടി(മെറൂണിനോട് സാമ്യമുള്ള ഒരു നിറം), സില്‍വര്‍ എന്നീ നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാവുക.

DONT MISS
Top