“അഞ്ച് വര്‍ഷം മാറി നില്‍ക്കും, കോടതിയെ സമീപിക്കില്ല; എസ്എഫ്‌ഐയ്ക്ക് ഉറപ്പ് നല്‍കിയത് താന്‍ കൂടി അറിഞ്ഞ്”: ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് തന്നെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ലക്ഷ്മി നായര്‍. സമരം പിന്‍വലിക്കുന്നതിന് എസ്എഫ്‌ഐയ്ക്ക് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ താന്‍കൂടി അറിഞ്ഞാണെന്നും ലക്ഷ്മി നായര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

മാനേജ്‌മെന്റിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞു. എല്ലാം കരാറില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രവര്‍ത്തിക്കും. താന്‍കൂടി അറിഞ്ഞാണ് കരാര്‍ ഉണ്ടാക്കിയത്. അറിയാതെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. അച്ഛന്‍ പറയുന്നത് പോലെ പ്രവവര്‍ത്തിക്കും. ലക്ഷ്മി നായര്‍ വ്യക്തമാക്കി.

മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകളെ തുടര്‍ന്നായിരുന്നു ലോ അക്കാദമിയില്‍ നടത്തിവന്ന സമരം എസ്എഫ്‌ഐ പിന്‍വലിച്ചത്. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന എസ്എഫ്‌ഐ ഒടുവില്‍ ആവശ്യത്തില്‍ നിന്ന പിന്‍മാറുകയായിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തണമെന്നായിരുന്നു എസ്എഫ്‌ഐ പിന്നീട് ആവശ്യപ്പെട്ടത്. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് എസ്എഫ്‌ഐ സമരത്തില്‍ നിന്ന പിന്‍വാങ്ങിയത്. ഉറപ്പുകള്‍ മാനേജ്‌മെന്റ് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ എസ്എഫ്‌ഐയുടെ നിലപാടിനെതിരെ ശക്തമായ വിര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ പ്രധാനപ്പെട്ടത് മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ലക്ഷ്മി നായര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അവിടെ നിന്ന് അനുകൂല വിധി സമ്പാദിച്ച് തിരികെ എത്താമെന്നുമായിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ നിലപാട് വ്യക്തമാക്കിയതോടെ ഈ വിമര്‍ശനത്തിന്റെ മുന ഒടിഞ്ഞിരിക്കുകയാണ്. മാത്രവുമല്ല എഴുതി നല്‍കിയ ഉറപ്പില്‍ ലക്ഷ്മി നായര്‍ ഒപ്പിട്ടിട്ടില്ലെന്നും അതിനാല്‍ അത് ലക്ഷ്മി നായര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താം. ഇക്കാലയളവില്‍ ലക്ഷ്മി നായര്‍ അധ്യാപന ജോലിയിലും പ്രവേശിക്കില്ല. കുട്ടികളുടെ ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രീവന്‍സ് സെല്‍ രൂപീകരിക്കാം. തുടങ്ങിയ ഉറപ്പുകളാണ് മാനേജ്‌മെന്റ് എസ്എഫ്‌ഐ യ്ക്ക് നല്‍കിയത്.

എന്നാല്‍ ഉറപ്പുകള്‍ നല്‍കിയിരിക്കുന്നത് എസ്എഫ്‌ഐയ്ക്ക് മാത്രമാണെന്നും അതിനാല്‍ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നുമുള്ള നിലപാടാണ് മറ്റ് വിദ്യാര്‍ത്ഥി സംഘനടകള്‍ കൈക്കൊണ്ടിരിക്കുന്നത്. കെഎസ് യു, എഐഎസ്എഫ്, എബിവിപി എംഎസ്എഫ് എന്നീ സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയാണ്.

DONT MISS
Top