റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ തുടരുന്നത് സംബന്ധിച്ച് ട്രായിയുടെ അന്തിമ നിര്‍ദേശം നാളെ പുറത്തിറങ്ങും

ഫയല്‍ ചിത്രം

ദില്ലി : റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ നിര്‍ദേശം നാളെ പുറത്തിറക്കുമെന്ന് ട്രായ് അറിയിച്ചു. മറ്റ് ടെലികോം സേവനദാതാക്കള്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് ട്രായ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പുതിയ ടെലികോം സേവനദാതാവായി അവതരിപ്പിച്ച റിലയന്‍സ് ജിയോ പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കെല്ലാം പരിധിയില്ലാത്ത ഡേറ്റയും, കോളുകളും നല്‍കുകയായിരുന്നു. ജിയോ പ്രവര്‍ത്തനം ആരംഭിച്ച് തൊണ്ണൂറ് ദിവസത്തിലധികം കഴിഞ്ഞിട്ടും ആനുകൂല്യം തുടരുന്നതിനെതിരെയാണ് ടെലികോം സേവനദാതാക്കളായ വോഡാഫോണും, ഐഡിയയും ദില്ലി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

ജസ്റ്റിസ് സഞ്ചീവ് സച്ച്‌ദേവ കേസ്സില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കേയാണ് ട്രായ് ഈ വിഷയത്തില്‍ ഉടനടി നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചത്.

2002 ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി 90 ദിവസത്തിലധികം സൗജന്യ സേവനങ്ങള്‍ നല്‍കരുതെന്ന ട്രായിയുടെ ഉത്തരവ് റിലയസ് ജിയോ ലംഘിച്ചു എന്നാണ് വോഡാഫോണ്‍ കോടതിയില്‍ വാദിച്ചത്.

ടെലികോം മേഖലയില്‍ ശക്തമായ മത്സരമാണ് റിലയന്‍സ് ജിയോയുടെ കടന്ന് വരവോടെ സംജാതമായത്. തങ്ങളുടെ ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മറ്റ് ടെലികോം സേവനദാതാക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ തയ്യാറായത്.

DONT MISS
Top