കേന്ദ്ര ബജറ്റ്; ആപ്പിലാകാന്‍ തയ്യാറെടുത്ത് രാജ്യം

പ്രതീകാത്മക ചിത്രം

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൊതു ബജറ്റിലൂടെ അഴിമതിക്കും, കള്ളപ്പണത്തിനുമെതിരെ ശക്തമായി പോരാടും എന്ന സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. രാജ്യത്തെ ശുദ്ധീകരണ പ്രക്രിയയിലേക്ക് നയിക്കുന്നതിനായാണ് നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ആധാര്‍ അധിഷ്ഠിത പണ ഇടപാടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വ്യാപാരികള്‍ക്ക് സൗകര്യ പ്രദമാകുന്ന ആധാര്‍ പണയിടപാട് ഉടന്‍ ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായും അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രധാനമായും എടിഎം കാര്‍ഡോ, സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്തവര്‍ക്കാണ് പ്രയോജനം നല്‍കുന്നത്.

ഇന്ത്യയെ പണരഹിതമായി രൂപാന്തരപ്പെടുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് രാജ്യത്തെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. സ്വകാര്യ പങ്കാളിത്തം രാജ്യത്ത് ഊര്‍ജ്ജസ്വലമാക്കി, ഡിജിറ്റല്‍ വിപ്ലവം നടപ്പാക്കുവാനും, ഇതിന്റെ ഫലങ്ങള്‍ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കുവാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം.

രാജ്യത്ത് അവതരിപ്പിച്ച ഭീം ആപ്ലിക്കേഷന്‍ പണ ഇടപാട് രംഗത്ത് സ്മാര്‍ട്ട് ഫോണിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടിയത്. നൂറ്റിയിരുപത്തിയഞ്ചു ലക്ഷം ജനങ്ങളാണ് രാജ്യത്ത് ഇത് വരെ ഭീം ആപ്ലിക്കേഷന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ ഭീം ആപ്പ് വഴി കൂടുതല്‍ പ്രചാരത്തിലായിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ജനങ്ങളെ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പത്ത് ലക്ഷം പിഒഎസ് ടെര്‍മിനലുകളാണ് മാര്‍ച്ചിന് മുന്‍പായി വിതരണം ചെയ്യേണ്ടത്.

ഐആര്‍ടിസി വഴി ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഇളവുകള്‍ പ്രഖ്യാപിച്ചതും ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റമായാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാട് രംഗത്ത് വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ സര്‍ക്കാര്‍ വളരെയധികം ഗൗരവകരമായാണ് കാണുന്നത്. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പണമിടപാടുകള്‍ ഇന്റെര്‍നെറ്റ് വഴി സുരക്ഷിതമായി നടത്തുകയെന്നതാണ് സേനയുടെ മുഖ്യ ചുമതല.

പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബില്‍ ബജറ്റ് ചര്‍ച്ചാ വേളയില്‍ അവതരിപ്പിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

DONT MISS
Top