ഇന്ത്യയിലെ ആദ്യ ഇമോഷണലി ഇന്റലിജന്റ് റോബോട്ട് എത്തിപ്പോയ് (വീഡിയോ)


തോഷിബ പോലുള്ള കമ്പനികള്‍ ജപ്പാനില്‍ റോബോട്ടുകളെ നിര്‍മിച്ച് അത്ഭുതം സൃഷ്ടിക്കുമ്പോള്‍ നാമും ആഗ്രഹിച്ചിരുന്നു ഇന്ത്യന്‍ കമ്പനി നിര്‍മിക്കുന്ന ബുദ്ധിമാനായ, എന്നാല്‍ വില കുറഞ്ഞ ഒരു റോബോട്ടിനെ. എന്തായാലും ആഗ്രഹം സാക്ഷാത്കരിച്ചുതന്നിരിക്കുകയാണ് മുംബൈയിലെ ഇമോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഇവര്‍ നിര്‍മിച്ച മിക്കോ എന്ന കുഞ്ഞന്‍ റോബോട്ട് സാധാരണക്കാരുടേതുമാത്രമല്ല, റോബോട്ടിക്‌സില്‍ വിദഗ്ധരായവരുടേയും മനം കവരുകയാണ്.

കുഞ്ഞനാണെങ്കിലും ചില്ലറക്കാരനല്ല മിക്കോ. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഇമോഷണലി ഇന്റലിജന്റ് ആയ റോബോട്ടാണിവന്‍. കുട്ടികളുമായി സംവദിക്കാന്‍ പ്രത്യേക മിടുക്കുണ്ട് മിക്കോയ്ക്ക്. കുട്ടികളോടൊപ്പം ആടാനും പാടാനും കളിക്കാനും മിക്കോയ്ക്ക് സാധിക്കും. മൂന്നു ചക്രങ്ങളുപയോഗിച്ച് മിക്ക ചലനങ്ങളും മിക്കോയ്ക്ക് വഴങ്ങും.

പൊതുവിവരവും ഗണിതശാസ്ത്രവുമെല്ലാം മിക്കോയ്ക്കറിയാം. ചോദ്യങ്ങള്‍ക്കെല്ലാം മിക്കോ കൃത്യമായ മറുപടി നല്‍കും. ഇന്റര്‍നെറ്റ് വഴിയാണ് മിക്കോ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കളിക്കാനും സംസാരിച്ചിരിക്കാനുമൊന്നും മിക്കോയ്ക്ക് ഇന്റര്‍നെറ്റ് ആവശ്യമില്ല. കുട്ടികള്‍ ഒന്നും സംസാരിക്കാതിരുന്നാല്‍ത്തന്നെ എന്തെങ്കിലും സംസാരിക്കൂ എന്നുപറഞ്ഞ് മിക്കോ കൂട്ടുകൂടി വരും.

ഒരു ഡിസ്‌പ്ലേയും ശരീരത്തിന് ഇരുവശങ്ങളിലുമായി പല നിറത്തില്‍ തെളിയുന്ന ലൈറ്റുകളുമുമുണ്ട് ഈ സുന്ദരക്കുട്ടന്. നിര്‍മാതാക്കള്‍ ഇവനു വിലയിട്ടിരിക്കുന്നത് 19,000 രൂപയാണ്.

DONT MISS
Top