ഡീസല്‍ ഗേറ്റ് വിവാദം ഏല്‍ക്കാതെ വില്‍പ്പനയില്‍ ടൊയോട്ടയെ കടത്തിവെട്ടി ഫോക്‌സ് വാഗണ്‍ ഒന്നാമത്

പ്രതീകാത്മക ചിത്രം

ഫോക്‌സ് വാഗണ്‍ ഡീസല്‍ ഗേറ്റ് വിവാദത്തില്‍പ്പെട്ടുഴറിയതും വന്‍ തുക പിഴയൊടുക്കേണ്ടിവന്നതുമെല്ലാം പഴങ്കഥ. കുറഞ്ഞ കാലം കൊണ്ട് ഫോക്‌സ് വാഗണ്‍ സ്വന്തമാക്കിയ പദവി മറ്റു കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മറ്റത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ ഇനിമുതല്‍ ഫോക്‌സ് വാഗണാണ്.

കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 10,312,400 യൂണിറ്റ് വാഹനങ്ങളാണ് ഫോക്‌സ് വാഗണ്‍ വിറ്റു തീര്‍ത്തത്. 2015 ല്‍ 9,930,500 യൂണിറ്റ് വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണ് 3.8 ശതമാനം വളര്‍ച്ചയോടെ കമ്പനി ഈ നേട്ടം കൈവരിച്ചത്. വാഹന വിപണിയില്‍ ഫോക്‌സ് വാഗണ്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്.

ടൊയോട്ട 2015 ല്‍ 10,083,783 വാഹനങ്ങള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം വിറ്റത് 10,213,486 വാഹനങ്ങളാണ്. 1.3 ശതമാനത്തിന്റെ വര്‍ദ്ധന മാത്രം. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ടൊയോട്ടയാണ്. അഞ്ചാം വര്‍ഷം നേട്ടം ആവര്‍ത്തിക്കാന്‍ കമ്പനിക്കായില്ല.

നിലവിലെ കണക്കു പ്രകാരം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സാണ്. എന്നാല്‍ ഇവര്‍ നിര്‍മിച്ച വാഹനങ്ങളുടെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. 2015ല്‍ 9,800,000 വാഹനങ്ങളാണ് കമ്പനി വിറ്റത്. ഇതില്‍നിന്ന് വലിയൊരു വര്‍ദ്ധന ജനറല്‍ മോട്ടോഴ്‌സിന് ഉണ്ടാകണമെങ്കില്‍ അത്ഭുതം സംഭവിക്കണം. കഴിഞ്ഞ വര്‍ഷം വിറ്റത് സംബന്ധിച്ച അനൗദ്യോഗിക കണക്ക് കമ്പനി 9,574,771 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു എന്നാണ്. അതാവട്ടെ 2015ലെ എണ്ണത്തിനേക്കാള്‍ കുറവുമാണ്. അതിനാല്‍ 2008 വരെ ഏഴു പതിറ്റാണ്ടുകാലം വാഹനവിപണിയിലെ ഒന്നാമനായിരുന്ന ജനറല്‍ മോട്ടേഴ്‌സ് ഇത്തവണയും പ്രതാപം വീണ്ടെടുക്കുന്ന കാര്യം സംശയമാണ്.

മലിനീകരണ നിയമം മറികടക്കാന്‍ എഞ്ചിനിലും സോഫ്റ്റ് വെയറിലും കൃത്രിമം കാട്ടിയെന്ന കുറ്റമായിരുന്നു ഫോക്‌സ് വാഗണെതിരെ അമേരിക്കയില്‍ ചുമത്തപ്പെട്ടിരുന്നത്.  ചൈനയില്‍ വില്‍പനയില്‍ വന്ന മുന്നേറ്റമാണ് ഡീസല്‍ ഗേറ്റ് പ്രതിസന്ധി മറികടക്കാന്‍ കമ്പനിക്ക് തുണയായത്.

DONT MISS
Top