പണമിടപാടുകള്‍ക്ക് നിയന്ത്രണം; മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല: ആദായനികുതി നിരക്കില്‍ ഇളവ്

ജെയ്റ്റ്ലി ബജറ്റ് അവതരണത്തിനിടെ

ദില്ലി: ആദായ നികുതി ദായകര്‍ക്ക് ആശ്വാസം നല്‍കിയും പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഇനി മുതല്‍ അനുവദിക്കില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ എസ്‌ഐടി മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.


ആദായ നികുതി ദായകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ജെയ്റ്റ്‌ലി നടത്തിയത്. നിലവിലുള്ള ആദായ നികുതി നിരക്കുകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ആദായ നികുതിയ്ക്കുള്ള സ്ലാബുകളില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ നിരക്കുകളില്‍ കുറവ് വരുത്തി. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവരുടെ നികുതി നിരക്ക് അഞ്ച് ശതമാനമാക്കി. നിലവില്‍ ഇത് പത്ത് ശതമാനമായിരുന്നു. മറ്റ് സ്ലാബുകളിലെ നികുതി നിരക്ക് പഴയപടി തുടരും.


അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ 20 ശതമാനവും പത്ത് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നിലവിലെ നികുതി നിരക്കുകള്‍. ഇത് തുടരും.

വാര്‍ഷിക വരുമാനം അമ്പത് ലക്ഷത്തിനും ഒരു കോടിക്കും ഇടയിലുള്ളവര്‍ക്ക് പുതുതായി 10 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. ഒരു കോടിക്ക് മുകളിലുള്ളവര്‍ക്ക് സര്‍ചാര്‍ജ് 15 ശതമാനമായി തുടരും. 50 കോടിയുടെ വാര്‍ഷിക വരുമാനമുള്ള ചെറുകിട കമ്പനികളുടെ നികുതി അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി.

ആദായനികുതി അടയ്ക്കാന്‍ വൈമനസ്യം ഉള്ള സമൂഹമാണ് നമ്മുടേതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ബഹുഭൂരിപക്ഷം ആളുകള്‍ നികുതി വെട്ടിക്കുന്നതിന്റെ ഭാരം സത്യസന്ധരായ ആളുകളുടെ ചുമലിലാണ് വീഴുന്നത. അദ്ദേഹം പറഞ്ഞു. 2015-16 കാലയളവില്‍ നികുതി അടച്ച 3.6 കോടി ജനങ്ങളില്‍10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ വെറും 24 ലക്ഷം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.


നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്തെ വ്യക്തിഗത ആദായ നികുതി വരുമാനത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശേഷം രാജ്യം വിടുന്നവരെ പിടികൂടാന്‍ നിയമം ശക്തമാക്കുമെന്ന് ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.

DONT MISS
Top