2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം; സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നിയമം നിര്‍മ്മിക്കുമെന്നും ജെയ്റ്റ്‌ലി

ദില്ലി : രാജ്യം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി നടത്തി. 2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാഷ്‌ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെ പദ്ധതി നടപ്പാക്കും. സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം നടപ്പാക്കും. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടിയും ബജറ്റില്‍ വകയിരുത്തി. കറന്‍സി രഹിത ധന ഇടപാട് വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി. ഭീമ ആപ്പ് ഇതിനകം 125 ലക്ഷം പേര്‍ ഉപയോഗിച്ചതായി ധനമന്ത്രി പറഞ്ഞു.

2020 ഓടെ 20 ലക്ഷം ആധാര്‍ അധിഷ്ഠിത സൈ്വപ്പിംഗ് മെഷീനുകള്‍ ആരംഭിക്കും. സൈനികര്‍ക്ക് ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ നല്‍കും. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നിയമം നിര്‍മ്മിക്കും. പുതിയ വിദേശ നിക്ഷേപ നയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ഇനി ഉണ്ടായിരിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു .

സങ്കല്‍പ്പ് പദ്ധതി വഴി 3.5 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. രാജ്യം ഇലക്ട്രോണിക് വികസന ഹബ്ബാക്കി മാറ്റും. പിപിപി മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. മുഖ്യ തപാല്‍ ഓഫീസുകളിലും പാസ്‌പോര്‍ട്ട് സേവനം ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

DONT MISS
Top