‘ചോരച്ചാലുകള്‍ നീന്തിക്കയറിയവര്‍ മീന്‍ചാറില്‍ മുങ്ങി മരിച്ചു’; എസ്എഫ്‌ഐയെ കടന്നാക്രമിച്ച് ട്രോളന്മാര്‍

ലക്ഷ്മി നായരുടെ രാജിക്കായി വാദിച്ച് ഒടുവില്‍ മാനേജ്‌മെന്റ് വെച്ചു നീട്ടിയ ഉറപ്പുകളില്‍ മൂക്കും കുത്തി വീണ എസ്എഫ്‌ഐയെ കടന്നാക്രമിച്ച് ട്രോളന്മാര്‍. ചോരച്ചാലുകള്‍ നീന്തിക്കയറിയവര്‍ മീന്‍ചാറില്‍ മുങ്ങി മരിച്ചു എന്ന് തുടങ്ങി നൂറ് കണക്കിന് ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലക്ഷ്മി നായരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിഞ്ഞും പാത്തും സംരക്ഷിക്കുകയാണെന്ന രീതിയിലുള്ള ട്രോളുകളുമുണ്ട്.

മോഹന്‍ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആറാം തമ്പുരാനിലേയും ബോയിങ് ബോയിങിനേയും സീനുകള്‍ കോര്‍ത്തിണക്കിയുള്ള ട്രോള് രസകരം തന്നെ. ‘ മുഷ്ടി’ ചുരുട്ടി വരുന്ന എസ്എഫ്ഐ ഒടുവില്‍ ലക്ഷ്മി നായര്‍ക്ക് വഴങ്ങുന്നതായാണ് ട്രോളിലുള്ളത്. ബോയിങ് ബോയിങിലെ സീനുമായി കോര്‍ത്തിണക്കി ‘ ലക്ഷ്മി ചേച്ചീ ചിക്കന് എങ്ങനെയാ മുറിക്കേണ്ടത്’ എന്ന് ചോദിക്കുകയാണ് ചെയ്യുന്നത്.

എസ്എഫ്ഐയുടെ സമരം വെറും പുറംമൂടിയാണെന്നണ് മറ്റൊരു ട്രോളന്‍ പറയുന്നത്. പുറമെ നിന്നുള്ള കാഴ്ചക്കാര്‍ക്ക് വേണ്ടി എസ്എഫ്എഫ്ക്കാര്‍ സമരം ശക്തമാണെന്ന് പറയുന്നു. ലക്ഷ്മി നായര്‍ രാജിവെച്ചൊഴിയണമെന്ന് വിളിച്ചു പറയുന്നു. എന്നാല്‍ ലക്ഷ്മി നായരും, മാനേജ്മെന്‍റും, എസ്എഫ്ഐയുമെല്ലാം ഒറ്റക്കെട്ടാണെന്നാണ് ഈ ട്രോളന്‍റെ പക്ഷം.

അതിനിടെ എസ്എഫ്ഐയുടെ നിലപാടിനെ അനുകൂലിച്ചും ചില ട്രോളുകളെത്തി. അതിലൊന്ന് ഇങ്ങനെ.

എസ്എഫ്ഐ പ്രവര്‍ത്തകര്‍: അല്ല, നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കാലത്ത് നിങ്ങള്‍ പേരിനെങ്കിലും ഇത് പോലെ സമരം ചെയ്തിട്ടുണ്ടോ?

കെഎസ്‌യു,  എംഎസ്എഫ്: ഹ ഹ ഹ…, സമരം ചെയ്തിട്ടുണ്ടോ എന്ന്. പറഞ്ഞപോലെ സമരം ചെയ്തിട്ടില്ലല്ലോ…. ഇവിടെ കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്ലീംഗി….

ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയായിരുന്നു അവസാന നിമിഷം വരെ വിദ്യാര്‍ത്ഥികളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും ആവശ്യം. ഇന്നലെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ മാറിനില്‍ക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ അത് അംഗീകരിച്ചിരുന്നില്ല. ചര്‍ച്ചയില്‍ നിന്നും അവര്‍ ഇറങ്ങിപ്പോകുകയാണ് ചെയ്തത്.

തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ എസ്എഫ്‌ഐയുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ലക്ഷ്മി നായരുടെ രാജിക്ക് പകരം, പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും അവരെ മാറ്റി, വൈസ് പ്രിന്‍സിപ്പലിന് പ്രിന്‍സിപ്പല്‍ സ്ഥാനം നല്‍കിയെന്നായിരുന്നു. അഞ്ച് വര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാകില്ലെന്നും എസ്എഫ്‌ഐക്ക് രേഖാമൂലം നല്‍കിയ ഉറപ്പില്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്നലെ ഒറ്റ രാത്രികൊണ്ടായിരുന്നു ലക്ഷ്മി നായരുടെ രാജി എന്ന ആവശ്യം എസ്എഫ്‌ഐ മാറ്റിയത്.

DONT MISS
Top