കുടിയേറ്റ വിരുദ്ധ നിയമത്തെ എതിര്‍ത്തു; ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താത്കാലികമായി പ്രവേശനാനുമതി നിഷേധിച്ച നടപടിയെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപ് പുറപ്പെടുവിച്ച അഭയാര്‍ഥി നിയന്ത്രണ ഉത്തരവ് നടപ്പാക്കേണ്ടെന്ന നിലപാട് സ്വീകരിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെയാണ് പുറത്താക്കിയത്. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്.

യേറ്റ്‌സിന് പകരം ഡാനാ ബോയന്റെയെ ആക്ടിംഗ് അറ്റോര്‍ണി ജനറലായി നിയമിച്ചു. ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശനം നിഷേധിച്ചത് നിയമാനുസൃതമല്ലെന്ന് യേറ്റ്‌സ് നിലപാട് എടുത്തിരുന്നു. കസ്റ്റംസ്, എമിഗ്രേഷന്‍ മേധാവിമാരേയും ട്രംപ് പുറത്താക്കിയിട്ടുണ്ട്.

ക്യാബിനറ്റ് പുറപ്പെടുവിച്ച ഉത്തരവ് ചില ഡെമോക്രാറ്റ് അംഗങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കാലതാമസം വരുത്തുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെന്ന് ട്രംപ് ട്വിറ്ററില്‍ ആരോപിച്ചു.


പ്രവേശന വിലക്കിനെതിരെ ലോക രാജ്യങ്ങല്‍ക്കിടയിലും, അമേരിക്കയിലെ വിവിധ നഗരങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പ്രവേശനം നിരോധിച്ച ഉത്തരവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം നിരോധിക്കണമെന്നും ബ്രിട്ടീഷ് ജനത ആവശ്യപ്പെട്ടു.

സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും, ഇറാന്‍, ഇറാഖ്്, ലിബിയ, സുഡാന്‍, യെമന്‍, സോമാലിയ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് 90 ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി തടഞ്ഞുവെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്.

DONT MISS
Top