കിരീടം നേടിയ ഫെഡറര്‍ക്ക് പ്രിയതമയുടെ വിജയചുംബനം (കാണാം വീഡിയോ)

ഫെഡററും മിര്‍ക്കയും ആഹ്ലാദം പങ്കിടുന്നു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമായെത്തിയ റോജര്‍ ഫെഡററെ ഭാര്യ മിര്‍ക്ക സ്വീകരിച്ചത് സ്‌നേഹ ചുംബനങ്ങള്‍ നല്‍കി. നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസം സ്വിസ് ഇതിഹാസം ഒരു ഗ്രാന്റ് സ്ലാം കിരീടം നേടിയത്. ഈ കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷം അണപൊട്ടി ഒഴുകുന്നതായിരുന്നു ഇരുവരും തമ്മിലുള്ള വിജയാഘോഷം.

ഫെഡററുടെ മത്സരങ്ങളിലെല്ലാം ഗ്യാലറിയില്‍ തന്റെ സംഘത്തിനൊപ്പം മിര്‍ക്കയുടെ സാന്നിധ്യം കാണാം. ഫെഡററുടെ ശക്തിയും അതുതന്നെ. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലും ഫൈനലിലും പതിവില്ലാത്ത വിധം വളരെ സമ്മര്‍ദ്ദത്തോടെയായിരുന്നു മിര്‍ക്കയെ കണ്ടത്. നാട്ടുകാരനായ വാവ്‌റിങ്കയ്‌ക്കെതിരായ സെമയില്‍ ഒരു ഘട്ടത്തില്‍ മിര്‍ക്ക കുനിഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുക പോലും ചെയ്തു. ഒരു കിരീട നേട്ടം ഫെഡററും മിര്‍ക്കയും അത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം.

ഞായറാഴ്ച നടന്ന ഫൈനലില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ തകര്‍ത്തത്. തന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണും പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടവുമായിരുന്നു റോഡ് ലെവര്‍ അരീനയില്‍ ഫെഡ് എക്‌സ്പ്രസ് ഉയര്‍ത്തിയത്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്നത്. ഇതോടെ മൂന്ന് വ്യത്യസ്ത ഗ്രാന്റ് സ്ലാമുകള്‍ അഞ്ച് തവണ വീതം നേടിയ താരമെന്ന ബഹുമതി ഫെഡറര്‍ കരസ്ഥമാക്കി. വിംബിള്‍ഡണ്‍ ഏഴുതവണയും യുഎസ് ഓപ്പണ്‍ അഞ്ച് തവണയും സ്വിസ് താരം നേടിയിട്ടുണ്ട്.

DONT MISS
Top