ആശ്വാസവുമായി ആര്‍ബിഐ; എടിഎം വഴി പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ഫയല്‍ ചിത്രം

ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു.ഫെബ്രുവരി ഒന്നുമുതലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. റിസര്‍വ് ബാങ്കാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നോട്ട് നിരോധനം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം ഏകുന്നതാണ് തീരുമാനം.

എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനുള്ള നിയന്ത്രണങ്ങളാണ് എടുത്തുമാറ്റുന്നത്. കറണ്ട് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവ വഴിയുള്ള പണം പിന്‍വലിക്കലിനുള്ള നിയന്ത്രണമാണ് പിന്‍വലിക്കുന്നത്.

ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം പിന്‍വലിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണം തുടരുമെന്നും സമീപ ഭാവിയില്‍ത്തന്നെ അതും നീക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നിലവില്‍ എടിഎം വഴി പ്രതിദിനം പതിനായിരം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്.  ആഴ്ചയില്‍ ഒരു ലക്ഷം രൂപയും. ഈ പരിധി ഇനി ഉണ്ടാകില്ല. നേരത്തെ 4,500 രൂപയായിരുന്ന പ്രതിദിന പരിധി ഈ മാസം 16 നാണ് പതിനായിരമായി ഉയര്‍ത്തിയത്.

പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ റിസര്‍വ് ബാങ്കിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു വിമര്‍ശനം. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന് കൂടുതല്‍ പണം ആവശ്യമാണെന്നും അതിനാല്‍ പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണം എടുത്തുമാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് തള്ളിക്കളഞ്ഞു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്. ഇതോടെ പണത്തിന് ക്ഷാമമായി. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇത് ജനജീവിതം ദുസ്സഹമാക്കി. അന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇന്നും ദുരിതം തുടരുകയാണ്.

DONT MISS
Top