വിജയം പിടിച്ചു വാങ്ങി ഇന്ത്യ; നാഗ്പൂര്‍ ട്വന്റി20യില്‍ ജയം അഞ്ച് റണ്‍സിന്

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം

നാഗ്പൂര്‍: അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം. ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 145 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറു വിക്കറ്റിന് 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമനില നേടി (1-1). നേരത്തെ കാണ്‍പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.

അവസാന ഓവറുകളില്‍ മികച്ച ബൗളിംഗ് കാഴ്ചവെച്ച നെഹ്‌റയും ബൂമ്‌റയുമാണ് ഇന്ത്യയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി നെഹ്‌റ മൂന്നൂം ബൂമ്‌റ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നെഹ്‌റ നാലോവറില്‍ 28 ഉം ബൂമ്‌റ 20 ഉം റണ്‍സാണ് വഴങ്ങിയത്.

38 റണ്‍സ് വീതമെടുത്ത ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. അവസാന ഓവറില്‍ ജയിക്കാന്‍ വെറും എട്ട് റണ്‍സായിരുന്നു ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ബൂമ്‌റ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. രണ്ടുവിക്കറ്റുകളും താരം വീഴ്ത്തി. റൂട്ട്, സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ബൂമ്‌റ വീഴ്ത്തിയത്. ഇതോടെ വിജയം ഇംഗ്ലണ്ടിനെ കൈവിട്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 144 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 71 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുല്‍ 30 റണ്‍സ് നേടിയ മനീഷ് പാണ്ഡെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇവരെ കൂടാതെ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്ലിക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ആദ്യ മത്സരത്തിലേതു പോലെ നാഗ്പൂരിലും ഇന്ത്യന്‍ ബാറ്റിംഗ് തകരുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഇന്ത്യയെ തകര്‍ത്തത്. നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങയാണ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

തുടരെ രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം ലഭിച്ച ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. പരമ്പരയില്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമെന്ന നിലയിലായിരരുന്നു ഇന്ത്യ ഇറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ നാലോവറില്‍ 30 റണ്‍സ് ചേര്‍ത്തെങ്കിലും കോഹ്ലി പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗ് തകരുകയായിരുന്നു. റെയ്‌ന (7), യുവരാജ് (4), ധോണി (5), പാണ്ഡ്യെ (2) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. തകര്‍ച്ചയ്ക്കിടയിലും പിടിച്ച് നിന്ന രാഹുല്‍ ഇന്ത്യയുടെ അഭിമാനമായി. 47 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് രാഹുല്‍ 71 റണ്‍സ് എടുത്തത്. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയുമൊത്ത് രാഹുല്‍ 56 റണ്‍സ് ചേര്‍ത്തു. ഇതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. 26 പന്തില്‍ നിന്നായിരുന്നു പാണ്ഡെയുടെ 30 റണ്‍സ്.

DONT MISS
Top