സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തില്‍; നെഹ്‌റു, ടോംസ് കോളെജുകളെ പേരെടുത്ത് വിമര്‍ശിച്ച് മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് മുഴുവന്‍ ലാഭത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത കാലത്തെ ചില സംഭവങ്ങള്‍ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമൂഹത്തിന് ഭൂഷണമല്ല. നെഹ്‌റു, ടോംസ് കോളെജുകളുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ അടുത്ത ദിവസം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നേരിട്ട് സ്വാശ്രയ കോളെജുകളില്‍ ഇടപെടാനാകില്ല. യൂണിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാനാകുക. വിദ്യാഭ്യാസമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും, മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുട്ടികള്‍ അവര്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ചാച്ചാജിയുടെയും ടോംസിന്റെയും പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കിടിലം കൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാച്ചാജിയെന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന നെഹ്‌റുവിന്റെ പേരിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇത്തരത്തിലുള്ള കാര്യങ്ങളാണോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കേണ്ടതെന്ന് പരിശോധിക്കപ്പെടണം.
ടോംസ് കോളേജില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ആശങ്കയുണ്ടാക്കുന്നതാണ്. നിരവധി പരാതികളാണ് നേരിട്ടും അല്ലാതെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അറിയിക്കുന്നത്. പരാതികള്‍ ഗൗരവകരമായ നടപടികള്‍ അര്‍ഹിക്കുന്നു.

സ്വാശ്രയ കോളേജുകളുടെ നടപടികളില്‍ വിദ്യാര്‍ത്ഥി സമൂഹം അസംതൃപ്തരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ടാക്കും. ഏതു പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും മികച്ച പഠന സൗകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടിയ സ്ഥാപനങ്ങളാണ് തൃശൂര്‍ പാമ്പാടി എഞ്ചിനീയറിങ് കോളെജും ടോംസ് എഞ്ചിനീയറിങ് കോളെജും. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകര്‍ മാനസികമായി തളര്‍ത്തി, ഒടുവില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയിലൂടെയാണ് നെഹ്‌റു കോളെജ് അടുത്തിടെ വിവാദത്തിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനിടെ തന്നെയാണ് കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളെജിനെതിരെയും ആക്ഷേപം ഉയര്‍ന്നത്. കോളെജ് ചെയര്‍മാന്‍ ടോം ജോസഫിന്റെ എകാധിപത്യഭരണമാണ് കോളെജില്‍ അരങ്ങേറുന്നതെന്നും ഇദ്ദേഹം നടത്തുന്ന മാനസിക പീഡനത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചെന്നും ആരോപണം ഉയര്‍ന്നു. തുടരെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ സ്വാശ്രയ സ്ഥാപനങ്ങളുടെ പിടുപ്പുകേടിനെ വിമര്‍ശിച്ച് പിണറായി വിജയന്‍ നേരത്തേയും രംഗത്തെത്തിയിരുന്നു.

DONT MISS
Top