നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലില്‍ യുവജനക്കമ്മീഷന്റെ അടിയന്തിര ഇടപെടല്‍; കേസെടുക്കാന്‍ എസ്പിയോട് നിര്‍ദേശിക്കുമെന്ന് ചിന്താ ജെറോം

ലക്കിടി ജവഹര്‍ കോളേജും യുവജനക്കമ്മീഷന് അധ്യക്ഷയും

കൊച്ചി: ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ അടിയന്തിര നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍ രംഗത്ത്. വിഷയത്തില്‍ അന്വേഷിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കാനുള്ള ഇടപെടലും കമ്മീഷന്‍ നടത്തുമെന്ന് യുവജനക്കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം റിപ്പോര്‍ട്ടറോട് പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുവെന്നും, ഇത്തരം വിഷയങ്ങളിലെല്ലാം കമ്മീഷന്‍ കൃത്യമായി ഇടപെടുമെന്നുമാണ് ചിന്ത റിപ്പോര്‍ട്ടറോട് പറഞ്ഞത്. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ പരിഗണനയിലാണെന്നും കമ്മീഷന്‍ അറിയിച്ചു.

ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിനി ഇന്നലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. കോളേജ് ഡയറക്ടര്‍ അടക്കം ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പിടിഎ യോഗത്തില്‍ വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താനും സുഹൃത്തും ക്ലാസില്‍ ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കോളേജ് അധികൃതര്‍ ആരോപിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ഇതിന്റെ തുടര്‍ നടപടിയായി തന്റെ ആണ്‍ സുഹൃത്തിന് സസ്‌പെന്‍ഷനും തനിക്ക് മുന്നറിയിപ്പും കേളേജ് നല്‍കിയത് എന്ന് പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ തന്നെ വിചാരണ ചെയ്യാനെത്തിയ ഡയറക്ടര്‍ വളരെ മോശമായാണ് പെരുമാറിയത്. സുഹൃത്തിന്റെ അമ്മയുമായി തനിക്ക് എന്തെങ്കിലും രഹസ്യ ബന്ധമുണ്ടോയെന്ന് ഡയറക്ടര്‍ ചോദിച്ചതായി പെണ്‍കുട്ടി യോഗത്തില്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ദേഹത്ത് ഒരു പുരുഷന്‍ വന്ന് തൊട്ടപ്പോള്‍ തനിക്ക് ഒന്നും തോന്നിയില്ലേ എന്ന ലൈംഗിക ചുവയുള്ള ചോദ്യവും ഡയറക്ടര്‍ ചോദിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ചോദ്യവേളയില്‍ ആറ് പുരുഷന്മാരാണ് തന്റെ സമീപത്ത് ഉണ്ടായിരുന്നത്. അനീഷ് സര്‍ എന്ന അധ്യാപകന്റെ സാന്നിധ്യവും പെണ്‍കുട്ടി പരാമര്‍ശിക്കുന്നു.

ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് തനിക്ക് സഹോദര തുല്യമാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയെങ്കിലും ഇതൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണോ താനെന്ന ചോദ്യമാണ് ഡയറക്ടര്‍ ഉന്നയിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. മാനസികമായി തന്നെ പീഡിപ്പിച്ചതിന് ശേഷം മുന്നറിയിപ്പ് കത്ത് തനിക്ക് അവര്‍ നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകരായ ഷോ മാന്‍മാരെ പറ്റി പരാതി പറയുന്നവര്‍ക്ക് എതിരെ മോശം സമീപനമാണ് കോളേജ് അധികൃതര്‍ എടുക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

DONT MISS
Top