ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇറാന്‍; അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നു

പ്രതീകാത്മക ചിത്രം

ടെഹ്‌റാന്‍ : അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും വിവാദ തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായി മാറുകയാണ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ നിയന്ത്രണവും പ്രവേശന വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഏറ്റവും ഒടുവിലത്തെ വിവാദ തീരുമാനം.

എന്നാല്‍ കുടിയേറ്റ നിയന്ത്രണവും പ്രവേശന വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് ശക്തമായ മറുപടി നല്‍കുവാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഇതിന്റെ ഭാഗമായി അമേരിക്കന്‍ പൗരന്‍മാരെ ഇറാനിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം.

എഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കുകല്‍പ്പിച്ച അമേരിക്കയുടെ നടപടി തികച്ചും വിവേചനാതീതം ആണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. ആഭ്യന്തര സുരക്ഷയൊരുക്കുക എന്നത് ഒരു രാജ്യത്തിന്റെ കടമയാണ്, അതിനായി സഞ്ചാരികളെയല്ല വിലക്കേണ്ടത്. അമേരിക്കയുടെ ഈ നടപടി കലാപങ്ങള്‍ സൃഷ്ടിക്കുന്നതിന് മാത്രമാണ് സഹായകമാകുകയെന്നും ഇറാന്‍ വിലയിരുത്തുന്നു.

അമേരിക്കയുടെ ഈ നടപടി ഇറാനുമായുള്ള വ്യാപാര- വ്യവസായ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ലോകരാജ്യങ്ങളെല്ലാം തന്നെയും ട്രമ്പിന്റെ നടപടികള്‍ വളരെയധികം ആകുലതയോടെയാണ് നോക്കി കാണുന്നത്.

അധികാരമേറ്റ് ആദ്യ ദിനങ്ങളില്‍ തന്നെ ട്രംപ് വിവാദ നടപടികള് കൊണ്ട് ശ്രദ്ധേയനായിക്കഴിഞ്ഞു.  മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുക, രാജ്യത്തെ തൊഴിലവസരങ്ങള്‍ നാട്ടുകാര്‍ക്ക് ഉറപ്പാക്കുക, ക്രിസ്ത്യാനികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന ശക്തമായ സന്ദേശം നല്‍കിയാണ്  ഡോണള്‍ഡ് ട്രംപ് മുന്നോട്ട് നീങ്ങുന്നത്.

DONT MISS
Top