മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് യു എസ് ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്തു; സാധുവായ വിസയുമായി എത്തിയവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാം


വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടി യു എസ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രണ്ട് ഇറാഖി അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഫെഡറല്‍ കോടതി ഉത്തരവ്. സാധുവായ വിസയുമായി അമേരിക്കയിലെത്തിയവരെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെയ്ക്കുകയും, തിരിച്ചയയ്ക്കുകയും ചെയ്യുന്ന നടപടിയാണ് ബ്രൂക്ക് ലിന്‍ ഫെഡറല്‍ ജഡ്ജി ആന്‍ ഡോണെല്ലി അടിയന്തരമായി സ്റ്റേ ചെയ്തത്.

ട്രംപിന്റെ പുതിയ കുടിയേറ്റ നിരോധന നിയമപ്രകാരം, അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ ഇറാഖി പൗരന്മാരായ ഹമീദ് ഖാലിദ് ദര്‍വീഷ്, സമീര്‍ അബ്ദുള്‍ഖലീക് അല്‍ഷാ എന്നിവരെ ശനിയാഴ്ച അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇവര്‍ യു എസ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. അഭയാര്‍ത്ഥികളായി അംഗീകരിച്ചവര്‍ക്കും, സാധുവായ വിസയുമായി എത്തിയവര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കി.

ട്രംപിന്റെ വിവാദ ഉത്തരവ് കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്ത കാര്യം അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ ഡെപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ സിസിലിയ വാംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ട്രംപിന്റെ പുതിയ ഉത്തരവിനെ തുടര്‍ന്ന് യുഎസ് വിമാനത്താവളങ്ങളില്‍ 100 മുതല്‍ 200 ഓളം പേര്‍ തടങ്കലിലാക്കപ്പെട്ടിരിക്കുകയാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയില്‍ വ്യക്തമാക്കി.

അതിനാല്‍ താല്‍ക്കാലിക സ്‌റ്റേയ്ക്ക് പകരം ട്രംപിന്റെ ഉത്തരവ് പൂര്‍ണ്ണമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയോട് ആവശ്യപ്പെട്ടു. അധികാരമേറ്റ് ഒരാഴ്ചയ്ക്കിടെ ട്രംപിന് കോടതിയില്‍ നിന്നും ഏല്‍ക്കുന്ന ആദ്യ പ്രഹരമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ നടപടിയ്ക്കെതിരെയുള്ള ശക്തമായ വിധിയെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ഡി റൊമേറോ അഭിപ്രായപ്പെട്ടു.


വെള്ളിയാഴ്ചയാണ് ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെയും വിലക്കിയിട്ടുണ്ട്.

ട്രംപിന്റെ ഉത്തരവിനെതിരെ അമേരിക്കയിലും ലോകരാജ്യങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മതപരമായ വിവേചനം അമേരിക്കയ്ക്ക് ഏറെ ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്.

DONT MISS
Top