4കെ ദൃശ്യമികവ്, 6 ജിബി റാം; സോണി ഒരുങ്ങുന്നത് സമാര്‍ട്ട് ഫോണ്‍ വിപണിയിലേക്കുള്ള വമ്പന്‍ തിരിച്ചു വരവിനെന്ന് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

എന്തൊക്കെ കുറ്റം പറഞ്ഞാലും തനത് പ്രതാപത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ബ്രാന്‍ഡ് തന്നെയാണ് സോണി. സാംസംഗ്, ആപ്പിള്‍ തുടങ്ങിയ വമ്പന്‍മാര്‍ അടക്കി വാഴുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ ചില്ലറയൊന്നുമല്ല സോണി കഷ്ടപ്പെടുന്നത്. വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വന്‍ തിരിച്ചു വരവിനാണ് സോണി ഒരുങ്ങുന്നത്.

ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ അഞ്ച് മോഡല്‍ ഫോണുകളാണ് സോണി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതില്‍ ഒരു മോഡലിന്റെ സ്‌പെസിഫിക്കേഷനുകളാണ് ഇപ്പോള്‍ ടെക് വെബ്‌സൈറ്റുകള്‍ക്ക് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്. ഫെബ്രുവരി 27 മുതലാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ആരംഭിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഈ സ്മാര്‍ട്ട് ഫോണില്‍ ഉള്ളത്. ആറ് ജിബി റാമായിരിക്കും കരുത്തേകാനായി ഉണ്ടാവുക. അഞ്ചര ഇഞ്ചാണ് സ്‌ക്രീനിന്റെ വലുപ്പം. 4കെ ദൃശ്യമികവുള്ള ഡിസ്‌പ്ലേയായിരിക്കും ഇത്.

മീഡിയടെക് ഹെലിയോ പി 20 കരുത്തേകുന്ന സോണിയുടെ മറ്റൊരു മോഡലിനെ പറ്റിയും കിംവദന്തികള്‍ ഉണ്ട്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ മോഡലിന് 350 ഡോളറായിരിക്കും വില എന്നും പറയപ്പെടുന്നു. എന്തായാലും പുതിയ മോഡലുകള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സോണിയ്ക്ക് പുതു ജീവനേകും എന്ന് തന്നെയാണ് സോണി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top