അമേരിക്ക ഒരു കുടിയേറ്റ രാഷ്ട്രമാണ്; ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും ഇതില്‍ തങ്ങള്‍ അഭിമാനിക്കണമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീം ചിന്താഗതിക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാനുമുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം.

പ്രസിഡന്റ് ട്രംപ് അടുത്തിടെ ഒപ്പ് വെച്ച ഉത്തരവുകളുടെ അനന്തരഫലങ്ങളില്‍ നിങ്ങളെ പോലെ താനും ആശങ്കാകുലനാണെന്ന് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് കുറിച്ചു. രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ഭീഷണി ഉയര്‍ത്തുന്ന ജനങ്ങള്‍ക്ക് എതിരെ മാത്രമാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് നാം നമ്മുടെ വാതില്‍ തുറന്ന് കൊടുക്കണമെന്ന് സുക്കര്‍ബര്‍ഗ് സൂചിപ്പിച്ചു. തന്റെ ഭാര്യ പ്രിസില്ല ചാനും അഭയാര്‍ത്ഥി കുടുംബമായി അമേരിക്കയിലെത്തിയതാണെന്ന് സുക്കര്‍ബര്‍ഗ് ഓര്‍മ്മിപ്പിച്ചു.

പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ജെയിംസ് മാറ്റിസ് സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്.

പുതിയ ഉത്തരവ് പ്രകാരം ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തിന് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഭവിയില്‍ കുടിയേറ്റത്തിനായി അപേക്ഷിക്കുന്ന സിറിയക്കാരില്‍ ക്രിസ്ത്യന്‍സിന് മുന്‍ഗണന നല്‍കുമെന്ന് പിന്നീട് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
DONT MISS
Top